രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ ശിക്ഷായിളവ് അപേക്ഷയ്ക്ക് തമിഴ്‌നാട് സർക്കാരിന്റെ പിന്തുണ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന നളിനിയുടെയും രവിചന്ദ്രന്‍റെയും ഹർജിയെ പിന്തുണച്ച് തമിഴ്നാട് സർക്കാർ രംഗത്തെത്തി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ശിക്ഷയിൽ ഇളവ് നൽകിയ ശേഷം ഇരുവരെയും മോചിപ്പിക്കണമെന്ന ആവശ്യത്തെ തമിഴ്നാട് സർക്കാർ പിന്തുണച്ചു. 2018 സെപ്റ്റംബറിൽ തമിഴ്നാട് മന്ത്രിസഭ ശിക്ഷ ഇളവ് നൽകാൻ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. ആ ശുപാർശയിൽ ഉറച്ചുനിൽക്കുന്നതായി തമിഴ്നാട് അറിയിച്ചു.
പേരറിവാളൻ, നളിനി, രവിചന്ദ്രൻ എന്നിവർ മാത്രമാണ് കേസിലെ ഏഴ് പ്രതികളിൽ ഇന്ത്യക്കാർ. കേസിലെ മറ്റ് നാല് പ്രതികളും ശ്രീലങ്കക്കാരാണ്. നിലവിൽ തമിഴ്നാട് സർക്കാർ അനുവദിച്ച പരോളിലാണ് നളിനിയും രവിചന്ദ്രനും. മാസങ്ങൾക്ക് മുമ്പാണ് പേരറിവാളൻ ജയിൽ മോചിതനായത്. മെയ് 18നാണ് പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
സമ്പൂർണ നീതി ഉറപ്പാക്കാൻ ഭരണഘടന സുപ്രീം കോടതിക്ക് നൽകുന്ന അധികാരം വിനിയോഗിച്ചാണ് ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ശുപാർശ നടപ്പാക്കാത്തതിന് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.