വിവാഹ രജിസ്ട്രേഷന് മതം നോക്കേണ്ടെന്ന് ഹെെക്കോടതി
കൊച്ചി: 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കരുതെന്ന് കേരള ഹൈക്കോടതി വിധിച്ചു. സാമൂഹ്യപരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന നാടാണിതെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.
യുവതിയുടെ അമ്മ മുസ്ലിമാണെന്ന കാരണത്താൽ ഹിന്ദു പുരുഷനുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യം ചെയ്ത് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം ഉദയംപേരൂർ സ്വദേശി പി.ആർ. ലാലനും ആയിഷയും വിവാഹ രജിസ്ട്രേഷനായി ഓഫീസറായ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് അപേക്ഷ നൽകിയിരുന്നു. 2001 ഡിസംബർ രണ്ടിന് കടവന്ത്രയിലെ ലയൺസ് ക്ലബ് ഹാളിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം നടന്നു. എന്നാൽ യുവതിയുടെ അമ്മ മുസ്ലിമായതിനാൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന് അധികൃതർ അറിയിച്ചു.
2008ലാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് വിവാഹ രജിസ്ട്രേഷൻ നിയമം പ്രാബല്യത്തിൽ വന്നത്. ഇത് സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പാക്കുന്നു. അതിനാൽ മാതാപിതാക്കൾ രണ്ട് മതങ്ങളിൽപ്പെട്ടവരാണെന്നുള്ളത് വിവാഹം രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണമല്ല. വിവാഹം നടന്നോ ഇല്ലയോ എന്ന് മാത്രമേ പരിഗണിക്കേണ്ടതുള്ളുവെന്നും കോടതി പറഞ്ഞു.