പ്രധാന വാര്‍ത്തകള്‍
ഇന്ത്യയുടെ ഓസ്കർ എൻട്രി ‘ചെല്ലോ ഷോ’യിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു
ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായ ‘ചെല്ലോ ഷോ’യിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ ബാലതാരം രാഹുൽ കോലി (15) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. ‘ചെല്ലോ ഷോ’യിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു രാഹുൽ.
ഞായറാഴ്ച തുടർച്ചയായി പനി ഉണ്ടായിരുന്നെന്നും മൂന്ന് തവണ രക്തം ഛർദ്ദിച്ചിരുന്നുവെന്നും രാഹുലിന്‍റെ പിതാവ് രാമു കോലി പറഞ്ഞു. രാമു കോലിയുടെ മൂത്ത മകനാണ് രാഹുൽ.
‘ചെല്ലോ ഷോ’ എന്ന വാക്കിന്‍റെ അർത്ഥം അവസാന സിനിമാ പ്രദർശനം എന്നാണ്. സംവിധായകൻ പാൻ നളിന്റെ ബാല്യകാല ഓർമ്മകളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ, നളിൻ താൻ സിനിമയിലേക്ക് ആകർഷിക്കപ്പെട്ടതെങ്ങനെയെന്ന് പറയുന്നു. സമയ് എന്ന ഒൻപത് വയസ്സുകാരൻ, ഫസൽ എന്ന ഫിലിം പ്രൊജക്ടർ ടെക്നീഷ്യനെ സ്വാധീനിച്ച് സിനിമ കാണുകയും സിനിമ സ്വപ്നം കാണുകയും ചെയ്യുന്നതാണു ചിത്രത്തിന്റെ പ്രമേയം.