യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
തൊടുപുഴ: ഭാര്യാമാതാവിന് ഇന്സുലിനെടുക്കാന് വീട്ടിലെത്തിയ 19കാരിയെ കടന്നുപിടിച്ചയാളെ അറസ്റ്റ് ചെയ്തു.
മുട്ടം മേപ്പുറത്ത് ജോമോനെയാണ് (47) പെണ്കുട്ടിയുടെ പരാതിയില് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ആരോഗ്യ പ്രശ്നങ്ങള്ക്ക് ചികിത്സതേടിയിരുന്ന പെണ്കുട്ടി വീട്ടിലെത്തിയതോടെ തളര്ന്നുവീഴുകയായിരുന്നു. വിവരം തിരക്കിയ അമ്മയോട് പെണ്കുട്ടി കാര്യങ്ങള് പറഞ്ഞു. ഇതോടെ ജില്ല ആശുപത്രിയില് പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം തൊടുപുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്കി. ഇതിന്റെ അടിസ്ഥാനത്തില് പ്രതിയെ പൊലീസ് വീട്ടില്നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.