വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചിട്ട് 53 ദിവസം; അദാനി ഗ്രൂപ്പിന് നൂറ് കോടി നഷ്ടം


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ സഭയുടെയും ഉപരോധം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ തുറമുഖത്തിന്‍റെ പ്രവർത്തനം ഇനിയും വൈകുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം കഴിഞ്ഞ 53 ദിവസമായി തടസ്സപ്പെട്ട് കിടക്കുകയാണ്. തുറമുഖ നിർമ്മാണത്തിൽ അദാനി ഗ്രൂപ്പിന് ഇതുവരെ 100 കോടി രൂപയുടെ നഷ്ടമുണ്ടായി. അദാനി ഗ്രൂപ്പ് നഷ്ടക്കണക്കുകൾ സർക്കാരിന് കൈമാറിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ എത്തിക്കാൻ കഴിയുന്നില്ലെന്നും വിഴിഞ്ഞത്തേക്ക് പോകുന്ന ബാർജുകളും ടഗ്ഗുകളും വിവിധ തീരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ 2023 മെയ് മാസത്തിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുൻനിര്‍ത്തി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 16-ന് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. സമരം 53-ാം ദിവസത്തിലേക്ക് കടന്നതോടെ 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി ഗ്രൂപ്പ് അറിയിച്ചു.
സാധാരണയായി മഴക്കാലത്ത് വിഴിഞ്ഞത്ത് നിർമ്മാണം നടക്കാറില്ല. അതിനാൽ, കടൽത്തീര ജോലികൾക്കായി കൊണ്ടുവരുന്ന ബാർജുകളും ടഗ്ഗുകളും മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാൽ ഇക്കുറി നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിൽ പൂര്‍ത്തിയാക്കാൻ വേണ്ടി സര്‍ക്കാര്‍ ഇടപെട്ട് ഈ ടഗ്ഗുകളും ബാര്‍ജ്ജുകളും കൊല്ലത്തും തിരുവനന്തപുരത്തുമായി നിലനിർത്തുകയായിരുന്നു. ഇതുമൂലം 57 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിന് സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. പണി നടക്കാത്ത ദിവസങ്ങളിൽ തൊഴിലാളികളുടെ ചെലവിനായി രണ്ട് കോടി രൂപ നൽകേണ്ടി വന്നതായാണ് കണക്ക്.