കുരിശും ചന്ദ്രക്കലയും ഓംകാരവും ഒരു ശിലയില്‍;ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗുരുദേവ ക്ഷേത്രം കട്ടപ്പനയില്‍
കട്ടപ്പന: ഏവര്‍ക്കും വിസ്മയമായി ഒരു ഗുരുദേവ ക്ഷേത്രം. വിശുദ്ധ കുരിശും ദിവ്യമായ ചന്ദ്രക്കലയും പ്രണവമന്ത്രമായ ഓംകാരവും ഒരു ശിലയില്‍ പ്രതിഷ്ഠിക്കപ്പെട്ടതിനാല്‍ ദേശീയ പ്രാധാന്യം ലഭിച്ച ഗുരുദേവ കീര്‍ത്തിസ്തംഭമാണ് കട്ടപ്പനയിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗുരുദേവക്ഷേത്രം കൂടിയാണ് കട്ടപ്പനയിലേത്. ശ്രീനാരായണ ഗുരുദേവന്റെ ദിവ്യചൈതന്യത്തെ പ്രതിഷ്ഠിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഗുരുവിന്റെ സര്‍വകാലികവും അനശ്വരവുമായ ദര്‍ശനമാണ് ഈ ക്ഷേത്രത്തിലൂടെ ലോകത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തില്‍ ഏകശിലയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഏകദൈവ പ്രതിഷ്ഠ മറ്റൊരു ക്ഷേത്രങ്ങളിലും കാണാത്ത പ്രത്യേകതയാണ്. 1985- ല്‍ രാഷ്ര്ടപതിയായിരുന്ന ആര്‍.വെങ്കിട്ടരാമനാണ് ക്ഷേത്രം നാടിന് സമര്‍പ്പിച്ചത്. ഏഴുനിലകളിലായിട്ടാണ് കീര്‍ത്തിസ്തംഭം പണിതുയര്‍ത്തിയിരിക്കുന്നത്. ഒന്നാം നിലയില്‍ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയാണ് നടത്തിയിരിക്കുന്നത്. രണ്ടാം നിലയില്‍ തമിഴ്നാട്ടിലെ നവോത്ഥാന നായകന്‍ ഇ.വി രാമസ്വാമിനായ്ക്കരുടെയും മൂന്നാം നിലയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപക നേതാവ് ഡോ.പല്‍പ്പുവിന്റേയും നാലാം നിലയില്‍ മഹാകവി കുമാരനാശാന്റേയും വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ ശില്‍പ്പിയായ ടി.കെ മാധവന്റേയും അഞ്ചാം നിലയില്‍ ഡോ.ബി.ആര്‍ അംബേദ്കറുടേയും ആറാം നിലയില്‍ ഗുരുവിന്റെ ഏക ദൈവസങ്കല്‍പ്പത്തിന്റെ പ്രതീകമായി ഏക ശിലയില്‍ കൊത്തിവച്ചിരിക്കുന്ന ഓംകാരവും, കുരിശും, ചന്ദ്രക്കലയും. എഴാം നിലയില്‍ ശ്രീനാരായണ ഗുരുദേവന്റെ പൂര്‍ണകായ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. മതേതരത്വം എന്നത് കേവലം വാക്കില്‍ മാത്രം ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ മതമൈത്രിയുടെ പ്രതീകമായ ഗുരുദേവ കീര്‍ത്തിസ്തംഭത്തിന് ഏറെ പ്രസക്തിയാണുള്ളത്.