അഞ്ചിരി പാടത്ത് കാര്‍ഷിക ഡ്രോണുകൾ പ്രദര്‍ശിപ്പിച്ചു, പ്രവർത്തനവും പരിചയപ്പെടുത്തി
തൊടുപുഴയ്ക്ക് സമീപത്തെ വിശാലമായ അഞ്ചിരി പാടശേഖരത്തിലെ കര്‍ഷകര്‍ക്കായി കാര്‍ഷിക ഡ്രോണുകൾ പ്രദര്‍ശിപ്പിച്ച്, പ്രവർത്തന രീതി പരിചയപ്പെടുത്തി. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് കാര്‍ഷിക മേഖലയില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിന്റെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാജ്യമൊട്ടാകെ ഉപയോഗത്തില്‍ കൊണ്ടുവരുന്ന കാര്‍ഷിക സാങ്കേതിക വിദ്യകളുടെ അതിനൂതനമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഡ്രോണ്‍ സാങ്കേതികവിദ്യ. കാര്‍ഷിക മേഖലയില്‍ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയല്‍ സര്‍വ്വേ എന്നിവയില്‍ ഡ്രോണുകളുടെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് അഞ്ചിരി പാടശേഖരത്ത കര്‍ഷകര്‍ക്കായി ഡ്രോണ്‍ പ്രദര്‍ശനവും ഉപയോഗവും പരിചയപ്പെടുത്തിയത്.
കുറഞ്ഞ അളവില്‍ കൂടുതല്‍ കൃഷിയിടങ്ങളിലേക്ക് ചുരുങ്ങിയ സമയത്തില്‍ വിളസംരക്ഷണ ഉപാധികള്‍ പ്രയോഗിക്കുന്നതിന് ഡ്രോണുകള്‍ വഴി സാധ്യമാണ്. കൃഷിയിടത്തിന്റെ എല്ലാ ഭാഗത്തും ഒരേ പോലെ ഡ്രോണ്‍ ഉപയോഗിച്ച് കളനാശിനിയും വളവും ഉള്‍പ്പെടെയുള്ളവ സ്‌പ്രേ ചെയ്യിക്കാനാവും. ഇതിന് പുറമേ തൊഴിലാളികളുടെ ലഭ്യതക്കുറവിനും പരിഹാരമാണ്. തൊഴില്‍ സമയം കുറയ്ക്കുന്നതിന് പുറമേ കൂലിയിനത്തിലും ചിലവ് കുറയ്ക്കാമെന്നതും ഡ്രോണ്‍ ഉപയോഗത്തിന്റെ നേട്ടമാണ്. ഇതോടൊപ്പം കൃഷിയിടത്തിലാകെ നിരീക്ഷണവും നടത്താം. പരമ്പരാഗത കൃഷിരീതികളില്‍ നിന്നും മാറി കാര്‍ഷികരംഗം സ്മാര്‍ട്ടാക്കി മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാന്‍ ഡ്രോണുകള്‍ വഴി സാധ്യമാകുമെന്ന് കൃഷി വകുപ്പ് അധികൃതരും പറയുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മാം (എസ്എംഎഎം – സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍) പദ്ധതി പ്രകാരം പത്തു ലക്ഷം രൂപ വരെ വില വരുന്ന ഡ്രോണുകള്‍ കര്‍ഷകര്‍ക്ക് നാല് മുതല്‍ അഞ്ചു ലക്ഷം രൂപ വരെ സബ്‌സിഡി ഇനത്തില്‍ ലഭ്യമാക്കും. പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി 100 ശതമാനം സബ്‌സിഡിയോടു കൂടി ഡെമോണ്‍സ്ട്രേഷനുകള്‍ കൃഷിയിടങ്ങളില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ഇടുക്കി ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്തില്‍ നടത്തിയ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവൃത്തി പരിചയവും ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍ ഉദഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി ജെറി അദ്ധ്യക്ഷയായി. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം.ജെ. ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി തോമസ്, ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ ജെയിംസ്, ആലക്കോട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാന്റി ബിനോയ്, ആലക്കോട് ഗ്രാമപഞ്ചായത്തംഗം ജാന്‍സി മാത്യു, ഇടുക്കി അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അമ്പിളി, ഇളംദേശം അഗ്രികള്‍ച്ചര്‍ അസി. ഡയറക്ടര്‍ ഡീന എബ്രഹാം, ആലക്കോട് കൃഷി ഓഫീസര്‍ ടി.ജി. ആര്യാംബ, ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. ആത്മാ പ്രൊജക്റ്റ് ഡയറക്ടര്‍ ആന്‍സി തോമസ് സ്വാഗതവും ഇടുക്കി അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എല്‍. ശൈലജ നന്ദിയും പറഞ്ഞു.
ഫോട്ടോ: കൃഷി വകുപ്പ് നടപ്പാക്കുന്ന സ്മാം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ആലക്കോട് പഞ്ചായത്തിെലെ അഞ്ചിരി പാടശേഖരത്ത് ജില്ലാ പഞ്ചായത്ത് മെമ്പർ എം ജെ ജേക്കബ് നിർവ്വഹിക്കുന്നു.