റോട്ടറി ഇൻറർനാഷണൽ എക്സലൻസ് അവാർഡ് – മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു.കെ.ജോൺ
തിരുവനന്തപുരം: റോട്ടറി ക്ലബ്ബ് ഇൻറർനാഷണൽ തിരുവനന്തപുരം റോയൽ ന്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാർക്ക് നൽകുന്ന റോട്ടറി ഇൻറർനാഷണൽ എക്സലൻസ് അവാർഡ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.മാത്യു.കെ.ജോണിന് ലഭിച്ചു. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.ജി.ആർ.അനിൽ അവാർഡ് വിതരണം ചെയ്തു. ഡോ.ജെ മോസസ് നേതൃത്വം നൽകുന്ന റോട്ടറി ക്ലബ് തിരുവനന്തപുരം റോയലിൻ്റെ നേതൃത്വത്തിൽ നിശ്ചയിച്ച വിദഗ്ധരായ ജൂറികൾ അടങ്ങുന്ന സംഘമാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്. ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഇടപെടലും, നൂതന പ്രോജക്ടുകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതും അവാർഡ് നിർണയത്തിൽ ജൂറി പരിഗണിച്ചു.
മികച്ച പാർലമെന്റേറിയനായി എ.എം ആരിഫ് എംപിയെയും, മികച്ച പഞ്ചായത്ത് പ്രസിഡണ്ടായി ആയി രേഷ്മ മറിയം റോയിയേയും തിരഞ്ഞെടുത്തു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.