പ്രധാന വാര്‍ത്തകള്‍
സാഹിത്യ നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കി ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നു


സ്‌റ്റോക്‌ഹോം: ഫ്രഞ്ച് എഴുത്തുകാരി അനീ എര്‍നു ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടി. വ്യക്തിപരമായ ഓർമ്മകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരമാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു. സാഹിത്യാധ്യാപികയായ അനീ എര്‍നുവിന്‍റെ മിക്ക കൃതികളും ആത്മകഥാപരമാണ്.
1974-ൽ പ്രസിദ്ധീകരിച്ച ആത്മകഥാപരമായ നോവൽ ക്ലീൻഡ് ഔട്ട് ആയിരുന്നു ആദ്യ കൃതി. എ മാൻസ് പ്ലേയ്സ്, എ വുമണ്‍സ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ അവരുടെ കൃതികൾ വളരെയധികം പ്രശംസിക്കപ്പെട്ടു. അനീ എര്‍നുവിന്‍റെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഒരു ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് അനീ എര്‍നുവിനെ വിശേഷിപ്പിക്കുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അനീയുടെ എഴുത്തിനെ അടയാളപ്പെടുത്തുകയും വേറിട്ടതാക്കുകയും ചെയ്യുന്നത്.