കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ഒടുവിൽ സസ്പെൻഷൻ


കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് ഒടുവിൽ സസ്പെൻഷൻ. ഇടുക്കി ജില്ലാ പൊലിസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടംപതാൽ സ്വദേശി ഷിഹാബിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. അച്ചടക്ക സേനയിലെ ഉത്തരവാദിത്വപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒരിയ്ക്കലും യോജിക്കാത്ത രീതിയിലുള്ള അച്ചടക്ക ലംഘനവും, തികഞ്ഞ സ്വഭാവദൂഷ്യവും, സർവോപരി പൊതു ജനമധ്യത്തിൽ പോലീസ് സേനായ്ക്കകമാനം കളങ്കം ചാർത്തുന്നതുമാണന്നു പ്രഥമ ദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതായി ഇടുക്കി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
കാഞ്ഞിരപ്പള്ളി പൊലീസ് ഇയാൾക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.
അതേസമയം ഷിഹാബ് സ്ത്രീപീഡന കേസിലടക്കം പ്രതിയായിരുന്നു. മുൻപ് വിവാഹ വാഗ്ദാനം നൽകി
കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. സ്ത്രീപീഡനം, അടിപിടി തുടങ്ങിയ നിരവധി കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയിതിട്ടുണ്ട്. മുണ്ടക്കയം സ്റ്റേഷനിൽ ഐടി ആക്ട് അടക്കമുള്ള വിവിധ വകുപ്പുകളിലെ കേസുകളിൽ ഷിഹാബ് പ്രതിയാണ്. പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഇയാൾക്കെതിരെ അന്വേക്ഷണം തുടങ്ങിയതിനാൽ ഇയാൾ ഇപ്പോൾ ഒളിവിലാണ്.
സെപ്തംബർ മുപ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴ കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്ന കളയുകയായിരുന്നു.