ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു; മലയാളത്തിന് 8 അവാർഡുകൾ
ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഈ വർഷം 8 അവാർഡുകളാണ് മലയാളത്തിന് ലഭിച്ചത്. അപർണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്കാരവും സൂര്യ, അജയ് ദേവ്ഗൺ എന്നിവർ മികച്ച നടനുള്ള പുരസ്കാരവും നേടി. മികച്ച സഹനടനുള്ള പുരസ്കാരം ബിജു മേനോന് ലഭിച്ചു.
മികച്ച സംവിധായകനുള്ള അവാർഡ് നേടിയ സച്ചിയുടെ പുരസ്കാരം ഭാര്യ സിജി ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്ക് ലഭിച്ചു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഒരാളിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് നഞ്ചിയമ്മ പറഞ്ഞു. സച്ചി കൂടെയില്ലാത്തതാണ് ഏക ദുഃഖമെന്ന് ഭാര്യ സിജി പ്രതികരിച്ചു.
അംഗീകരിക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ഫാൽക്കെ അവാർഡ് ജേതാവ് ആശാ പരേഖ് പറഞ്ഞു. തന്നെ പരിഗണിച്ച എല്ലാവർക്കും, ജൂറി അംഗങ്ങൾക്കും പ്രധാനമന്ത്രിക്കും ആശാ പരേഖ് നന്ദി അറിയിച്ചു.