ശ്രീനാഥ് ഭാസിക്ക് സിനിമയിൽ താല്‍ക്കാലിക വിലക്ക്

കൊച്ചി: നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് താല്‍ക്കാലികമായി വിലക്കി. ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടനെതിരെ നടപടി. ശ്രീനാഥ് ഭാസി തെറ്റ് സമ്മതിച്ചെന്നും ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞുവെന്നും എന്നാൽ നടപടി സ്വീകരിക്കുകയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു. നിലവിൽ അഭിനയിക്കുന്ന സിനിമകൾ പൂർത്തിയാക്കിയ ശേഷം മാറിനിൽക്കാൻ ആവശ്യപ്പെടും.
അതേസമയം അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ഭാസിയുടെ നഖം, മുടി, രക്തം എന്നിവയുടെ സാമ്പിളുകൾ പൊലീസ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ‘ചട്ടമ്പി’ എന്ന ചിത്രത്തിന്‍റെ നിർമ്മാതാവിനോടും നടനോടും ഇന്ന് ഹാജരാകാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. നടനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇതേതുടർന്ന് ചില വാക്കാലുള്ള പരാതികളും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിൽ അഭിമുഖത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെ നഖം, മുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് ശേഖരിച്ചിരുന്നു.
















































































































