Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു



കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു. മൂന്നാഴ്ച കൊണ്ട് ഒട്ടുമിക്ക ഇനങ്ങള്‍ക്കും പത്തു രൂപ മുതല്‍ ഇരുപത്തിയഞ്ചു രൂപ വരെയാണ് കൂടിയത്.

കഴിഞ്ഞയാഴ്ച വരെ കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ കിലോക്ക് 77 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ നൂറിനടുത്താണ് വില. ചില്ലറ വിപണിയിലെത്തുമ്ബോഴേക്കും 115ന് മുകളിലെത്തും വില. തക്കാളിയുടെ വില മൊത്ത വിപണിയില്‍ 20 രൂപയില്‍ നിന്നും മുപ്പത്തിയഞ്ചിലേക്ക് ഉയര്‍ന്നു. ബീന്‍സിന്‍റെ വില 70ലേക്കെത്തി. പാവയ്ക്കക്കും പയറിനുമെല്ലാം വിലയുയര്‍ന്നു.

നവരാത്രി വ്രതം തുടങ്ങിയതും അയല്‍ സംസ്ഥാനങ്ങളിലെ വിളനാശവുമാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിളനാശം മൂലം പല പച്ചക്കറികള്‍ക്കും കര്‍ണാടകത്തിലും തമിഴ്നാട്ടിലും കടുത്ത ക്ഷാമം നേരിടുന്നുമുണ്ട്. രണ്ടാഴ്ചയെങ്കിലും വിലക്കയറ്റം തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയര്‍ന്ന് നില്‍ക്കുമെന്ന് മില്ലുടമകള്‍. ആന്ധ്രയില്‍ മാര്‍ച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാല്‍ മാത്രമേ വില കുറയൂ. ഇതിനിടയില്‍ അരിവില കുറയ്ക്കണമെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പഞ്ചാബില്‍ നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകള്‍ പറയുന്നു.


സംസ്ഥാനത്ത് ഒരു വര്‍ഷം ആവശ്യമുള്ളത് 40 ലക്ഷം ടണ്‍ അരി. ഇതിന്‍റെ നാലിലൊന്ന് മാത്രമാണ് സംസ്ഥാനത്തെ ഉത്പാദനം. ബാക്കിയുള്ളതിന് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കണം. 40ല്‍ 22 ലക്ഷം ടണ്ണും വിറ്റുപോകുന്നത് വെള്ള അരിയായ ജയ. ആന്ധ്രയില്‍ നിന്നാണ് വെള്ള അരിയുടെ വരവ്. കാലാവസ്ഥ വ്യതിയാനം നിമിത്തം ആന്ധ്രയില്‍ കഴിഞ്ഞ വിളവെടുപ്പ് വെള്ളത്തിലായി. ഇതോടെ സംസ്ഥാനത്ത് 40 രൂപയില്‍ നിന്നിരുന്ന അരി വില 50ന് മുകളിലേക്കെത്തി. ആന്ധ്രയില്‍ അടുത്ത മാസം വിളവെടുപ്പുണ്ടെങ്കിലും ഇത് തദ്ദേശീയ പ്രിയമുള്ള നേരിയ അരിയാണ്.

ജയ,സുരേഖ തുടങ്ങിയ പേരുകളിലുള്ള വെള്ള അരിയുടെ വിളവെടുപ്പ് അടുത്ത മാര്‍ച്ചില്‍ മാത്രം. ഈ സാഹചര്യത്തില്‍ അരി വില കുറയണമെങ്കില്‍ പഞ്ചാബില്‍ നിന്ന് അരി ഇറക്കുമതി ചെയ്യണം. സംസ്ഥാനത്ത് വിറ്റുപോകുന്നതില്‍ ഏഴര ലക്ഷം ടണ്‍ മട്ട അരിയാണ്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകകത്തില്‍ നിന്നുമാണ് മട്ട വരുന്നത്. കാലവസ്ഥാ വ്യതിയാനം നിമിത്തം ഇവിടെയും കഴിഞ്ഞ വിള നശിച്ചു. അടുത്ത മാസങ്ങളില്‍ രണ്ട് സംസ്ഥാനത്തും വിളവെടുപ്പുണ്ട്. ഇതോടെ മട്ട അരിയുടെ വില കുറയുമെന്നാണ് കണക്കുകൂട്ടല്‍.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!