ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും
കൊച്ചി: സിനിമാ പ്രമോഷൻ സമയത്ത് ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത് താരം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്. എന്നാൽ, ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ചതായി പരാതിക്കാരിയിൽ നിന്ന് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ‘ചട്ടമ്പി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.
ഇന്നലെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി 509 , 354 , 294 ബി എന്നീ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. നടനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊച്ചിയിലെ ഒരു ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേസിൽ നിർണായകമാകും.
“എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല”, എന്നാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്. ഒരു റേഡിയോ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.