ക്രിക്കറ്റിലും സബ്സ്റ്റിറ്റ്യൂട്ട്; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ


ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരത്തിൽ പകരക്കാരനെ ഇറക്കുന്ന രീതി കൊണ്ടുവരാനൊരുങ്ങി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലൂടെ ഈ വർഷം സബ്സ്റ്റിറ്റ്യൂഷൻ അവതരിപ്പിക്കാൻ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) തീരുമാനിച്ചു. മത്സരത്തിനിടെ ഒരു പകരക്കാരനെ ഇറക്കാം. മുഷ്താഖ് അലി ടൂർണമെന്റിൽ പരീക്ഷണം വിജയിച്ചാൽ, വരാനിരിക്കുന്ന ഐപിഎല്ലിലും ഈ രീതി തുടരും.
2005-06ൽ സൂപ്പർ സബ് സിസ്റ്റം ഏകദിനത്തിൽ പരീക്ഷിച്ചെങ്കിലും നിർത്തലാക്കിയിരുന്നു. ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ നിലവിൽ പകരക്കാരനെ അനുവദിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായാണ് ഇന്ത്യയില്‍ സബ്സ്റ്റിറ്റിയൂഷന്‍ അവതരിപ്പിക്കുന്നത്.
ടോസ് ചെയ്യുന്ന സമയത്ത് ഇലവനൊപ്പം നാലു പകരക്കാരുടെ പേരും ടീം പ്രഖ്യാപിക്കണം. ഇതില്‍ ഒരാളെ കളിയില്‍ ഉപയോഗിക്കാം. ബാറ്റിങ്ങിലാണെങ്കിലും ബൗളിങ്ങിനാണെങ്കിലും 14-ാം ഓവറിനു മുന്നോടിയായി പകരക്കാരനെ ഇറക്കാം. പകരക്കാരന് ഇന്നിങ്സില്‍ മുഴുവന്‍ ബാറ്റുചെയ്യാനും ഒരു ബൗളറുടെ ക്വാട്ട മുഴുവനായും (4 ഓവര്‍) ബൗള്‍ ചെയ്യാനും അവകാശമുണ്ട്. നേരത്തേ പുറത്തായ ഒരു ബാറ്റര്‍ക്ക് പകരമായും ഇറക്കാം. പക്ഷേ, ഒരു ഇന്നിങ്‌സില്‍ ആകെ 11 പേര്‍ക്ക് മാത്രമേ ബാറ്റുചെയ്യാനാകൂ. നേരത്തേ പന്തെറിഞ്ഞ ബൗളര്‍ക്ക് പകരമായി ഇറക്കുകയാണെങ്കിലും നാല് ഓവര്‍ മുഴുവനായി എറിയാം.