നാടിന് തീരാനോവായി മഹേഷും അരുണും.
പണിസ്ഥലത്തുനിന്ന് അച്ഛനെ വിളിക്കാനെത്തി; മക്കളുടെ കൺമുമ്പിൽ മുങ്ങിത്താഴ്ന്നു, അപ്രതീക്ഷിത വേര്‍പാടിൽ നാടിന് തീരാനോവായി മഹേഷും അരുണും.
കാമാക്ഷി അമ്പലമേട്ടില്‍ മുങ്ങിമരിച്ച മഹേഷ് പാറക്കുളത്തില്‍ അപകടത്തില്‍പ്പെട്ടത് മക്കളുടെ കണ്‍മുന്നില്‍ വെച്ചാണ്. മഹേഷിന്റെ സുഹൃത്തായ അരുണും അപകടത്തില്‍മരിച്ചു. പണിസ്ഥലത്തുനിന്ന് അച്ഛനെ വിളിക്കാന്‍ വേണ്ടി സന്തോഷത്തോടെയാണ് യദുവും മിഥുനും ക്ഷേത്രത്തിന് സമീപത്തേക്ക് എത്തിയത്. അവിടെയുള്ള പാറക്കുളത്തില്‍ അച്ഛന്‍ മഹേഷും സുഹൃത്തുക്കളും കുളിക്കുന്നത് അവര്‍ കണ്ടു. ചെന്നപ്പോള്‍ മുങ്ങിത്താഴുന്ന അച്ഛനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയുമാണ് കണ്ടത്.
നാല് ദിവസമായി അമ്പലമേട് ഭദ്രകാളി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണ ജോലികള്‍ ചെയ്തുവരുകയായിരുന്നു മഹേഷും അരുണും. വീടും ക്ഷേത്രത്തിന് അടുത്താണ്. വെള്ളിയാഴ്ച പണികഴിഞ്ഞപ്പോള്‍ ഇവര്‍ കുളത്തില്‍ കുളിക്കാന്‍ പോയി. ആ സമയമാണ് മഹേഷിന്റെ മക്കളായ യദുകൃഷ്ണനും മിഥുന്‍ കൃഷ്ണനും അവിടേക്ക് എത്തിയത്. ഈ സമയം ആഴമില്ലാത്ത ഭാഗത്തുനിന്ന് ഇവര്‍ കുളിക്കുകയായിരുന്നു. പെട്ടെന്നാണ് അരുണ്‍ കാല്‍വഴുതിവീണത്. രക്ഷിക്കാന്‍ ശ്രമിക്കവെ മഹേഷും കയത്തിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുരേന്ദ്രനും വീണെങ്കിലും കല്ലില്‍ പിടിച്ചുകിടന്നതിനാല്‍ രക്ഷപ്പെട്ടു. ഇതെല്ലാം കുട്ടികള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
കുട്ടികള്‍ ക്ഷേത്രത്തിലേക്ക് കരഞ്ഞുകൊണ്ട് ഓടിച്ചെന്നു പൂജാരിയെ വിവരമറിയിച്ചു. എന്നാല്‍, ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. അവിടെ വാടകയ്ക്ക് താമസിച്ചിരുന്ന എറണാകുളം സ്വദേശി സംഭവം അറിഞ്ഞെത്തി 15-മിനിറ്റിനകം അപകടത്തില്‍പ്പെട്ടവരെ കുളത്തില്‍നിന്ന് പുറത്തെടുത്തു. ഇവര്‍ രക്ഷപ്പെടുമെന്ന് നാട് പ്രതീക്ഷിച്ചു. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷും അരുണും മരിച്ചിരുന്നു.
മഹേഷിന്റെ മരണവിവരം ഇനിയും യദുവിനെയും മിഥുനെയും അറിയിച്ചിട്ടില്ല. അവര്‍ അച്ഛന്‍ ആശുപത്രിയില്‍നിന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. യദു ഏഴാം ക്ലാസിലും മിഥുന്‍ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. അരുണിനും രണ്ട് മക്കളാണ് ഉള്ളത്. മൂത്ത മകന്‍ അദ്വൈത് ആറാം ക്ലാസിലും ഇളയമകള്‍ ശ്രേയസി രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. നാടിന്റെ എല്ലാ കാര്യങ്ങള്‍ക്കും സഹായമായി ഓടിയെത്തുന്നവരായിരുന്നു മഹേഷും അരുണും. അവരുടെ അപ്രതീക്ഷിത വേര്‍പാട് നാടിന് തീരാനോവായി.