കാരയ്ക്കലില്‍ 13 വയസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നതു പഠനത്തിനൊപ്പം ഡാന്‍സിലും മികവു പുലര്‍ത്തിയതിനെന്നു മൊഴി


പുതുച്ചേരി: കാരയ്ക്കലില്‍ 13 വയസുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്തു കൊന്നതു പഠനത്തിനൊപ്പം ഡാന്‍സിലും മികവു പുലര്‍ത്തിയതിനെന്നു മൊഴി.
ക്ലാസില്‍ രണ്ടാം റാങ്കുകാരിയായ മകളെ എങ്ങനെയെങ്കിലും ഒന്നാമതാക്കാനായിരുന്നു കടുംകൈ എന്നും അറസ്റ്റിലായ സഹായ റാണി വിക്ടോറിയ മൊഴി നല്‍കി. നാടന്‍വിഷമാണ് പാക്കറ്റ് ജ്യൂസില്‍ കലര്‍ത്തി നല്‍കിയതെന്നും സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് കാരയ്ക്കല്‍ നെഹ്റു നഗര്‍ സ്വദേശി ബാലമണികണ്ഠന്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
ആശുപത്രി കിടക്കയില്‍ വച്ചു മരണം പിടികൂടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് സംഭവിച്ചതിനെ കുറിച്ച് ബാലമണികണ്ഠന്‍ വിവരിച്ചു.
ഛര്‍ദ്ദിച്ച് അവശനായിരിക്കെ, അമ്മ കൊടുത്തയച്ച ജ്യൂസ് കുടിച്ചതാണു പ്രശ്നമായതെന്ന മണികണ്ഠന്റെ വാക്കുകളാണു കൊലപാതകിയെ പിടികൂടുന്നതിലേക്കു നയിച്ചത്. വീട്ടില്‍ നിന്നാരും ജ്യൂസ് കൊടുത്തയച്ചിട്ടില്ലെന്നും ചതിയുണ്ടെന്നും മാതാപിതാക്കള്‍ സ്കൂളില്‍ അറിയിച്ചു.
അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീയാണു ജ്യൂസ് കൈമാറാനായി നല്‍കിയതെന്നു സുരക്ഷാ ജീവനക്കാരനും പൊലീസിനെ അറിയിച്ചു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണു ക്ലാസിലെ രണ്ടാം റാങ്കുകാരിയുടെ അമ്മ സഹായ റാണി വിക്ടോറിയാണു വിഷം നല്‍കിയതെന്നു കണ്ടെത്തിയത്.
പഠനത്തിന് അപ്പുറം ഡാന്‍സിലും ബാലമണികണ്ഠന്‍ മികവു പുലര്‍ത്തിയതാണു വിഷം നല്‍കാന്‍ കാരണമെന്നാണ് അറസ്റ്റിലായ സഹായറാണിയുടെ മൊഴി. എന്നും ഒന്നാമത് എത്തുന്നതു സംബന്ധിച്ചു ബാലമണികണ്ഠനും ഇവരുടെ മകളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
എങ്ങനെയെങ്കിലും മകളുടെ അഭിമാനം രക്ഷിക്കണമെന്നതിനാലാണു കടുംകൈയെന്നും ഇവരുടെ മൊഴിലുണ്ട്