ഏതാനും ദിവസമായി മേഖലയില്‍ കനത്ത മഴ തുടരുന്നതോടെ ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കടന്നു പോകുന്നത്


അടിമാലി: ഏതാനും ദിവസമായി മേഖലയില്‍ കനത്ത മഴ തുടരുന്നതോടെ ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കടന്നു പോകുന്നത്.
ടൗണിലെ ലൈബ്രറി റോഡ്, അപ്‌സര – കൊരങ്ങാട്ടി റോഡ്, ബസ് സ്‌റ്റാന്‍ഡ്, പൊളിഞ്ഞ പാലം അടക്കമുള്ള നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി.
ഇന്നലെ ഉച്ചയ്‌ക്കു ശേഷം പെയ്‌തിറങ്ങിയ ശക്‌തമായ മഴ പരക്കെ ഭീതി പരത്തി. കഴിഞ്ഞ ദിവസങ്ങളിലും മണിക്കൂറുകള്‍ നീണ്ട മഴ ശക്‌തമായിരുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ നേര്യമംഗലം വനമേഖലയില്‍ റോഡ് ഇടിഞ്ഞത് വലിയ അപകട സാധ്യതയാണ് സൃഷ്‌ടിച്ചിട്ടുള്ളത്.
മൂന്നാംമൈലിനു സമീപം ചാക്കോച്ചിവളവില്‍ ഇടിച്ചിലുണ്ടായതു മൂലം വാഹന ഡ്രൈവര്‍മാര്‍ക്ക് അപകട സാധ്യത അറിയാന്‍ കഴിയാത്തത് പ്രശ്‌നം രൂക്ഷമാക്കുകയാണ്. ഇതോടെ ഈ ഭാഗത്ത് ഒറ്റവരിയായി മാത്രമെ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുകയുള്ളു. റോഡിന്റെ കട്ടിങ് സൈഡില്‍ കൂറ്റന്‍ പാറക്കെട്ടുകളാണുള്ളത്.
ഫില്ലിങ് സൈഡാണ് ആയിരത്തോളം അടി കാഴ്‌ചയിലേക്ക് ഇടിഞ്ഞുപോയത്. പാറയുടെ മുകളിലൂടെയാണ് ഈ മേഖലയില്‍ റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. റോഡില്‍ ടാറിങിനോടു ചേര്‍ന്നുവരെയുള്ള ഭാഗം ഇടിഞ്ഞുപോയതോടെ വാഹനയാത്രക്കാരില്‍ ഭിതിയുളവാക്കിയിട്ടുണ്ട്. തോരാത്ത മഴയുടെ പശ്‌ചാത്തലത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍കണ്ട് അധികൃതര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. മരങ്ങള്‍ കടപുഴകി വീഴുന്നത് തുടര്‍ന്നതോടെ പലയിടത്തും വൈദ്യുതിലൈനുകളും തകരാറിലാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ദേവിയാര്‍പുഴ വൃത്തിയാക്കിയിട്ടും വെള്ളത്തിന്റെ അളവ് ഉയരുന്നത് ഭീതിപരത്തുന്നുണ്ട്.
ഇന്നലെ കാഞ്ഞിരവേലി ദേവിയാര്‍ പാലം, അടിമാലി കോയിക്കക്കുടിസിറ്റി പാലം തുടങ്ങി ചെറുതും വലുതുമായ നിരവധി പാലങ്ങളാണ് കവിഞ്ഞൊഴുകിയത്. മാങ്കുളം കുറത്തികുടിയില്‍ കഴിഞ്ഞ ദിവസം മണ്ണിടത്ത് നിരവധി വീടുകള്‍ക്ക് നാശനഷ്‌ടം സംഭവിച്ചു.