വട്ടവടയില്‍ നിന്നും കാന്തല്ലൂരില്‍ നിന്നുമെത്തുന്ന പച്ചക്കറിയില്ലാതെ മലയാളിക്ക് ഒരു ഓണസദ്യയില്ല


തൊടുപുഴ: വട്ടവടയില്‍നിന്നും കാന്തല്ലൂരില്‍നിന്നുമെത്തുന്ന പച്ചക്കറിയില്ലാതെ മലയാളിക്ക് ഒരു ഓണസദ്യയില്ല..
ശീതകാല പച്ചക്കറി മേഖലയായ ഇവിടുത്തെ തോട്ടങ്ങളില്‍ ഇത്തവണയും ഓണവിപണിയിലേക്കുള്ള വിളവെടുപ്പ് തുടങ്ങി.
പ്രതികൂല കാലാവസ്ഥയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പാദനം കുറഞ്ഞത് ഇക്കുറി കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചു. എങ്കിലും പരമാവധി പച്ചക്കറി ഓണവിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വട്ടവടയും കാന്തല്ലൂരും. ഹോര്‍ട്ടികോര്‍പിെന്‍റ പച്ചക്കറി സംഭരണം ബുധനാഴ്ച തുടങ്ങും.
ഓണവിപണി ലക്ഷ്യമിട്ട് ഇത്തവണ വട്ടവടയില്‍ 950 ഹെക്ടറിലും കാന്തല്ലൂരില്‍ 265 ഹെക്ടറിലുമാണ് പച്ചക്കറി കൃഷി. കാരറ്റ്, കിഴങ്ങ്, ബീന്‍സ്, കാബേജ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് തുടങ്ങിയ പതിവ് ശീതകാല പച്ചക്കറികളെല്ലാമുണ്ട്. കര്‍ഷകരില്‍നിന്ന് പച്ചക്കറി സംഭരിക്കാനുള്ള നടപടി ഹോര്‍ട്ടികോര്‍പ്പും പൂര്‍ത്തിയാക്കി.
വട്ടവടയില്‍ സംഭരണത്തിന് മുന്നോടിയായി 60ലധികം കര്‍ഷകര്‍ ഇതുവരെ കൃഷിഭവനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് 45 ടണ്‍ കാരറ്റ്, 53 ടണ്‍ കാബേജ്, 30 ടണ്‍ ഉരുളക്കിഴങ്ങ് എന്നിവക്ക് പുറമെ ബീന്‍സ്, വെളുത്തുള്ളി, ബീറ്റ്റൂട്ട് എന്നിവയും സംഭരിക്കും. കര്‍ഷകരില്‍നിന്ന് വ്യാപാരികള്‍ നേരിട്ടും വാങ്ങുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഓണസീസണില്‍ മാത്രം വട്ടവടയില്‍നിന്ന് കാന്തല്ലൂരില്‍നിന്നുമായി ഹോര്‍ട്ടികോര്‍പ് 360 ടണ്ണോളം പച്ചക്കറി സംഭരിച്ചിരുന്നു. മഴമൂലം ഉല്‍പാദനം ഗണ്യമായി കുറഞ്ഞതിനാല്‍ ഇത്തവണ ഇത് മൂന്നിലൊന്നായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്.
കാന്തല്ലൂര്‍ മേഖലയില്‍ വെളുത്തുള്ളിയും കിഴങ്ങും ഒഴികെയുള്ളവയുടെ ഉല്‍പാദനത്തില്‍ 80 ശതമാനത്തോളം ഇടിവുണ്ട്. ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്ന പച്ചക്കറികള്‍ വിവിധ ജില്ലകളിലെ കൃഷിഭവന്‍ ഓണച്ചന്തകള്‍ വഴിയും ഹോര്‍ട്ടികോര്‍പ് വില്‍പനശാലകള്‍ വഴിയുമാണ് വിറ്റഴിക്കുക.
സപ്ലൈകോയും ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി നടത്തുന്ന ചന്തകളിലും വട്ടവടയിലെയും കാന്തല്ലൂരിലെയും പച്ചക്കറികളെത്തും. സംഭരണം സെപ്റ്റംബര്‍ അഞ്ച് വരെ നീളും. പച്ചക്കറി സംഭരിച്ച ഇനത്തില്‍ കഴിഞ്ഞ മാര്‍ച്ച് മുതലുള്ള തുക ഹോര്‍ട്ടികോര്‍പ് കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്.