അഞ്ചംഗ കുടുംബത്തെ ഇല്ലാതാക്കിയ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ഏഞ്ചലും ഡോണയും


കുടയത്തൂര്‍: അഞ്ചംഗ കുടുംബത്തെ ഇല്ലാതാക്കിയ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ഏഞ്ചലും ഡോണയും.
ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി പുലര്‍ച്ചെ തുടങ്ങിയ തെരച്ചില്‍ ആറ് മണിക്കൂര്‍ പിന്നിട്ടപ്പോഴും എല്ലാവരേയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഈ സമയത്താണ് ഡോഗ് സ്‌ക്വാഡ് സ്‌ഥലത്തെത്തിയത്. മണ്ണും ചെളിയും നിറഞ്ഞ ദുരന്ത ഭൂമിയിലേക്ക് ട്രെയിനര്‍മാര്‍ ഏഞ്ചലിനേയും ഡോണയേയും ഇറക്കി. പലപ്പോഴും മണ്ണില്‍ പുതഞ്ഞ് പോകുന്ന സാഹചര്യം ഉണ്ടായെങ്കിലും ഇരുവരും തെരച്ചില്‍ തുടര്‍ന്നു.
ഇതിനിടെയാണ് വീടിരുന്ന ഭാഗത്തെ ചെളിക്കൂമ്ബാരത്തിന് സമീപം ഇരുവരും അല്‍പനേരം മണം പിടിച്ച് നിന്നത്. ഒന്ന്‌കൂടി വട്ടം ചുറ്റിയെങ്കിലും വീണ്ടും അതേ സ്‌ഥലത്ത് വന്ന് നിലയുറപ്പിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ അവിടെ മണ്ണ് നീക്കി. സോമന്റെ മൃതദേഹത്തിന്റെ തല വ്യക്‌തമായി. ഇത് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ തൊട്ടടുത്ത് തന്നെയായി അടുത്ത മൃതദേഹവും ഉണ്ടെന്ന സൂചന ഏഞ്ചലും ഡോണയും നല്‍കി.
ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ മരക്കമ്ബെടുത്ത് നാട്ടി അടയാളം കുറിച്ചു. ഷിജിയുടെ മൃതദേഹവും കണ്ടെടുത്ത ശേഷമാണ് ഇരുവരും സ്‌ഥലത്ത് നിന്നും പോയത്. ദുരന്തമുണ്ടായ ദിവസം തന്നെ എല്ലാ മൃതദേഹങ്ങളും പുറത്തെടുക്കാനായത് ജില്ലാ ഭരണകൂടത്തിനും വിവിധ വകുപ്പ് അധികൃതര്‍ക്കും വലിയ ആശ്വാസമാണ് നല്‍കിയത്. എന്തായാലും ചെളിയിലിറങ്ങി 10 മിനിട്ടിനുള്ളില്‍ രണ്ട് മൃതദേഹങ്ങളും എവിടെയെന്നുള്ള സൂചന നല്‍കാന്‍ ഏഞ്ചലിനും ഡോണക്കുമായത് ഇടുക്കി ഡോഗ് സ്‌ക്വാഡിനും അഭിമാനമായി.
മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കരായ കഡാവര്‍ വിഭാഗത്തില്‍പ്പെട്ടതാണ് ബല്‍ജിയം മാല്‍നോയിസ് ഇനത്തില്‍പ്പെട്ട എയ്‌ഞ്ചല്‍. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഡോണ പെട്ടിമുടിയിലും കൊക്കയാറിലും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.