പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി KSRTC തൊഴിലാളികള്‍
തിരുവനന്തപുരം: ( ksrtc ) മാനേജ്മെന്റ് തൊഴിലാളികള്‍ക്ക് മേലെ അടിച്ചേല്‍പ്പിക്കുന്ന പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി തൊഴിലാളികള്‍.
അനിശ്ചിത കാല പണിമുടക്കിന് തയാറാകാനാണ് യൂണിയനുകളുടെ ആഹ്വാനം. ഇതുമായി ബന്ധപ്പെട്ട തിരക്കിട്ട ചര്‍ച്ചകളിലാണ് തൊഴിലാളി യൂണിയനുകള്‍. ഓണക്കാലമായതിനാല്‍ തൊഴിലാളികള്‍ സമരത്തിലേക്ക് പോയാല്‍ ഉണ്ടാകുന്നത് വന്‍ പ്രതിസന്ധി തന്നെയായിരിക്കും. ഇത് സര്‍ക്കാരിനെയും പ്രതികൂലമായി ബാധിക്കും. അതിനാല്‍ സര്‍ക്കാര്‍ സംഭവത്തില്‍ ഉടന്‍ തന്നെ ഇടപെടാനും സാധ്യതയുണ്ട്. അനിശ്ചിതകാല സമരം ആരംഭിച്ചാല്‍ ഇത്തവണയും ഓണത്തിന്റെ മാറ്റ് കുറയും. ( ksrtc )
8 മണിക്കൂര്‍ ജോലി 8 മണിക്കൂര്‍ വിനോദം 8 മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ നിയമം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി ഉത്തരവ് എന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യം തന്നെയാണ്. ഈ സാഹചര്യത്തിലാണ് പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ തൊഴിലാളികള്‍ തയാറാകുന്നത്. അനിശ്ചിത കാല പണിമുടക്കിന് തയാറാകാനാണ് യൂണിയനുകളുടെ ആഹ്വാനം. ഇത് ഏതു നിമിഷവും സംഭവിക്കാം. ഓണക്കാലം എത്തിയതോടെ പണിമുടക്ക് കൂടി വന്നാല്‍ യാത്രക്കാര്‍ വലയുമെന്നത് ഉറപ്പായ കാര്യമാണ്.
സുശീല്‍ ഖന്ന റിപ്പോര്‍ട്ട് അനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി പരിഹരിച്ച് ലാഭകരമാക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സമ്ബ്രദായം നടപ്പക്കണമെന്നാണ് മാനേജ്മെന്റ് നിലപാട്. യൂണിയനുകളുടെ എതിര്‍പ്പുണ്ടെങ്കിലും നിലവില്‍ ഇത്തരം ഡ്യൂട്ടി പരിഷ്കാരം അനിവാര്യമെന്ന് സര്‍ക്കാരും കരുതുന്നു. നിയമ സെക്രട്ടറിയുടെ നിയമോപദേശവും ഇതിന് അനുകൂലമെന്നാണ് സൂചന.
1962ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് റൂള്‍സ് പ്രകാരം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി കൊണ്ടു വരുന്നതിന് സാധുതയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ 1961ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്‌ട് പ്രകാരമുള്ള 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂ എന്നാണ് അംഗീകൃത തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. നിയമവും ചട്ടവും പറഞ്ഞുള്ള തര്‍ക്കത്തിലാണ് കഴിഞ്ഞ രണ്ട് ചര്‍ച്ചകളും തീരുമാനമാകാതെ പിരിഞ്ഞത്. അതിന് പിന്നാലെയാണ് നിയമ സെക്രട്ടറിയുടെ നിയമോപദേശം കൂടി വാങ്ങി മാന്ത്രിമാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് എത്തുന്നത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിച്ചാലേ എല്ലാ മാസവും 5ന് ശന്പളമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാകൂ എന്നതാണ് സര്‍ക്കാര്‍ നിലപാട്.
ഇതില്‍ 8 മണിക്കൂര്‍ സ്റ്റിയറിങ് ഡ്യൂട്ടിയും ബാക്കിയുള്ള സമയം അധിക പണം ലഭിക്കുന്ന വിശ്രമവുമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ആഴ്ചയില്‍ 6 ദിവസവും ജോലിക്ക് ഹാജരാകണമെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചിട്ടുണ്ട്.
അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ തൊഴിലാളി സംഘടനകളുമായി നടന്ന മൂന്നാംവട്ട ചര്‍ച്ചയും പരാജയം. 12 മണിക്കൂര്‍ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കാനാകില്ലെന്ന നിലപാടില്‍ ടി.ഡി.എഫും ബി.എം.എസും ഉറച്ചുനിന്നതോടെ ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. മന്ത്രിമാരായ ആന്‍റണി രാജു, വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. ജോലിക്ക് ഹാജരാകുന്നത് മുതലുള്ള 12 മണിക്കൂര്‍ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കണമെന്ന നിലപാടിലാണ് തൊഴിലാളി സംഘടനകള്‍.
അതേസമയം ബസില്‍ ജോലിക്ക് നിയോഗിക്കുന്ന എട്ടു മണിക്കൂര്‍ മാത്രമേ ഡ്യൂട്ടിയായി പരിഗണിക്കാന്‍ കഴിയൂവെന്ന നിലപാടാണ് മാനേജ്‌മന്‍െറ് സ്വീകരിച്ചത്. കഴിഞ്ഞ ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് ഡ്യൂട്ടി പരിഷ്‌കരണത്തില്‍ നിയമസെക്രട്ടറിയുടെ നിയമോപദേശവും ചര്‍ച്ചക്ക് പരിഗണിച്ചു. മാനേജ്മന്‍െറിന്റെ വ്യവസ്ഥകള്‍ ശരിവെച്ചുള്ള നിയമോപദേശമാണ് സര്‍ക്കാറിന് ലഭിച്ചത്. എന്നാല്‍ ഇതിനെ തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചില്ല. സര്‍ക്കാര്‍ സാമ്ബത്തികസഹായം നല്‍കണമെങ്കില്‍ മാനേജ്‌മെന്റ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് മന്ത്രിമാരും ആവശ്യപ്പെട്ടതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു.
മന്ത്രിമാരുടെ മധ്യസ്ഥത പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്നാണ് വിവരം. കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച 250 കോടിയുടെ രക്ഷാപാക്കേജ് അനുവദിക്കുന്നതിന് മുന്നോടിയായാണ് ഡ്യൂട്ടി പരിഷ്‌കരണ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിലെ തീരുമാനം വൈകുന്നത് സാമ്ബത്തികസഹായവും വൈകിപ്പിക്കും. ജൂലൈയിലെ ശമ്ബളം ഇനിയും നല്‍കിയിട്ടില്ല. ഓണം അലവന്‍സുകള്‍ നല്‍കാനും സാമ്ബത്തികബാധ്യത തടസ്സമാണ്. ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ ചെലവ് ചുരുക്കിയാലേ സാമ്ബത്തികസഹായം അനുവദിക്കാന്‍ കഴിയൂവെന്ന നിലപാടിലാണ് സര്‍ക്കാര്‍.
സി.ഐ.ടി.യു അംഗീകരിച്ചെന്ന് മന്ത്രി, നിഷേധിച്ച് നേതാക്കള്‍ തിരുവനന്തപുരം: സര്‍ക്കാര്‍ വ്യവസ്ഥകള്‍ സി.ഐ.ടി.യു അംഗീകരിച്ചെന്ന് മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് വിശദീകരിച്ചെങ്കിലും തൊട്ടുപിന്നാലെ സി.ഐ.ടി.യു നിഷേധിച്ചു. നിയമം അംഗീകരിക്കുന്നതാണെങ്കിലും സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഫലപ്രദമല്ലെന്ന് സി.ഐ.ടിയു നേതാക്കള്‍ പറഞ്ഞു.