സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴില്‍ വായ്പ


തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സഹകരണം സൗഹൃദം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കായി സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്തത് 4.1 കോടിയുടെ തൊഴില്‍ വായ്പ.
ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പ ലഭ്യമാക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച പദ്ധതി വഴി ഇതിനോടകം 550 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണു സഹകരണം സൗഹൃദം പദ്ധതി തുടങ്ങിയത്. ഒരാള്‍ക്ക് പരമാവധി മൂന്നു ലക്ഷം രൂപ വരെയാണു വായ്പ അനുവദിക്കുന്നത്. 500 ഓളം പേര്‍ക്ക് പദ്ധതിയുടെ ഗുണഫലം ഇതിനോടകം ലഭിച്ചു. 309 സഹകരണ സംഘങ്ങള്‍ പദ്ധതി പ്രകാരം വായ്പകള്‍ അനുവദിച്ചു. 65 വായ്പകള്‍ വിതരണം ചെയ്ത കോഴിക്കോട് ജില്ലയാണു വായ്പ നല്‍കിയതില്‍ മുന്നില്‍. 49.5 ലക്ഷം രൂപ ജില്ലയില്‍ പദ്ധതി മുഖേന ഭിന്നശേഷിക്കാര്‍ക്കായി വിതരണം ചെയ്തു.
ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ചെറുകിട സംരംഭത്തിന്റെ പ്രൊജക്‌ട് റിപ്പോര്‍ട്ടില്‍ പറയുന്ന ചെലവിന്റെ 75 ശതമാനമോ മൂന്നു ലക്ഷം രൂപയോ, ഏതാണോ കുറവ് അത് പരമാവധി വായ്പത്തുകയായി അനുവദിക്കും. അപേക്ഷകന്റെ ശാരീരിക അവസ്ഥ പരിഗണിച്ച് അനുയോജ്യമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് വായ്പ. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രൊജക്‌ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതാതു സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വായ്പ അനുവദിക്കുന്നത്. പദ്ധതി വിലയിരുത്തി ഗഡുക്കളായാണു വായ്പ നല്‍കുക. വായ്പ അനുവദിച്ച തീയതി മുതല്‍ നാലു വര്‍ഷമാണ് വായ്പയുടെ കാലാവധി. വായ്പ പലിശ കോസ്റ്റ് ഓഫ് ഫണ്ടിനെക്കാളും കൂടരുത് എന്ന് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ബാങ്കുകള്‍ക്കു കൃത്യമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം
എല്‍.ബി.എസ് സെന്ററിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് എന്ന സ്ഥാപനത്തില്‍ സര്‍ക്കാര്‍ /എയ്ഡഡ് / സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് / മെഡിക്കല്‍ കോളേജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പോളിടെക്‌നിക് എന്നീ സ്ഥാപനങ്ങളിലെ അധ്യാപകരില്‍ നിന്നും ഭിന്നശേഷി വിഷയം അടങ്ങുന്ന ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പി.ജി/ ബി.ടെക്്/ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്കും ഇതേ വിഷയത്തില്‍ പ്രോജക്‌ട് ചെയ്യുന്നതിനു വേണ്ട ധനസഹായത്തിന് അപേക്ഷിക്കാം. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്. വിശദവിവരങ്ങളും അപേക്ഷാഫോമും www.ceds.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2345627, 8289827857.