കഞ്ചാവും മയക്കുമരുന്നുകളും ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ ഹബ്ബായി തൊടുപുഴ മേഖല മാറുന്നു


തൊടുപുഴ: കഞ്ചാവും മയക്കുമരുന്നുകളും ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ ഹബ്ബായി തൊടുപുഴ മേഖല മാറുന്നു. സംസ്‌ഥാനത്തിനു പുറത്തുവരെ ബന്ധങ്ങളുള്ള അന്തര്‍ സംസ്‌ഥാന ലഹരി മാഫിയ ഏതാനും നാളുകളായി തൊടുപുഴയിലും പരിസരത്തും തമ്ബടിക്കുന്നതായാണ് സൂചന.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പോലീസും എക്‌സൈസും നടത്തിയ പരിശോധനകളില്‍ വന്‍ തോതിലുള്ള ലഹരി മരുന്നാണ് പിടിച്ചെടുത്തത്. ശനിയാഴ്‌ച നിരോധിത ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരും അടുത്ത ദിവസം ഒരു കിലോ കഞ്ചാവും തോക്കുമായി യുവാവും പിടിയിലായതാണ് ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍.
ലഹരിമരുന്ന് പിടികൂടിയ സംഭവം: പോലീസുകാരനും കൂട്ടാളിക്കുമെതിരേ അനേ്വഷണം ശക്‌തമാക്കി
തൊടുപുഴ: എം.ഡി.എം.എയും കഞ്ചാവുമായി പോലീസ് ഉദ്യോഗസ്‌ഥന്‍ പിടിയിലായ സംഭവത്തില്‍ എക്‌സൈസ് കൂടുതല്‍ അനേ്വഷണം തുടങ്ങി. പോലീസ് അസോസിയേഷന്‍ നേതാവും ഇടുക്കി എ.ആര്‍.ക്യാമ്ബിലെ പോലീസ് ഉദ്യോഗസ്‌ഥനുമായ മുതലക്കോടം മുണ്ടയ്‌ക്കല്‍ എം.ജെ. ഷാനവാസി(33)നെയും സഹായി കുമാരമംഗലം കുന്നത്ത് ഷംനാസ് കെ. ഷാജി (33)യെയുമാണ് എക്‌സൈസ് കഴിഞ്ഞ ദിവസം പിടികൂടിയത്.
മുതലക്കോടത്ത് നിര്‍ത്തിയിട്ട കാറില്‍ വച്ച് ലഹരി മരുന്ന് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരില്‍ നിന്നും 3.6 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം ഉണക്ക കഞ്ചാവും ഒരു കാറും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി ഇടപാടുകള്‍ നടക്കുന്നതായി രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ഇന്നലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ അടുത്ത മാസം മൂന്നു വരെ റിമാന്‍ഡ് ചെയ്‌തു. പ്രതികള്‍ക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെ സംബന്ധിച്ചാണ് എക്‌സൈസ് വിശദമായ അനേ്വഷണം ആരംഭിച്ചത്.
എന്നാല്‍ അനേ്വഷണത്തെ വഴിതിരിച്ചു വിടാനാണ് പ്രതികള്‍ ശ്രമിച്ചത്. പിടികൂടിയ ഉടന്‍തന്നെ പ്രതികളുടെ വീടുകളില്‍ പരിശോധനയ്‌ക്കു പോയ എക്‌സൈസ് ഉദ്യോഗസ്‌ഥരെ മറ്റ് വീടുകളില്‍ കയറ്റാനും പ്രതികള്‍ ശ്രമിച്ചിരുന്നു. വണ്ണപ്പുറം സ്വദേശിയാണ് ലഹരിമരുന്ന് കൈമാറിയതെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്. ഇവര്‍ നല്‍കിയ ഫോണ്‍ നമ്ബരില്‍ എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇത് സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. പിന്നീട് എറണാകുളം സ്വദേശിയായ മെഡിക്കല്‍ റെപ്രസന്റീവാണ് നല്‍കിയതെന്ന് പറഞ്ഞെങ്കിലും ഇതും തെറ്റാണെന്ന് അനേ്വഷണത്തില്‍ വ്യക്‌തമായി. എന്നാല്‍ പിടിയിലായ ഷംനാസ് കെ. ഷാജി നേരത്തെ എറണാകുളത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസുകാരനായ പ്രതി നേരത്തെ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നോയെന്ന് വിശദമായി അനേ്വഷിക്കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ സലിം പറഞ്ഞു. ഷാനവാസിനെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.