ജില്ലയില്‍ ലഹരി കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനവും ലഹരി ഇടപാടുകളും വര്‍ധിക്കുന്നു


തൊടുപുഴ: ജില്ലയില്‍ ലഹരി കടത്ത് സംഘങ്ങളുടെ പ്രവര്‍ത്തനവും ലഹരി ഇടപാടുകളും വര്‍ധിക്കുന്നു. എക്സൈസും പൊലീസും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടും ലഹരിമാഫിയയുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാകുകയാണ്.
പൊലീസുകാര്‍വരെ ലഹരി കടത്ത് സംഘങ്ങളിലെ കണ്ണികളായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.
ശനിയാഴ്ച തൊടുപുഴ മുതലക്കോടത്ത് മാരക ലഹരിവസ്തുവായ എം.ഡി.എം.എയുമായി ഇടുക്കി എ.ആര്‍ ക്യാമ്ബിലെ സിവില്‍ പൊലീസ് ഓഫിസറും സുഹൃത്തും പിടിയിലായ സംഭവം ജില്ലയിലെ ലഹരിമാഫിയ ശൃംഖലയുടെ സ്വാധീനവും ശക്തിയും വിളിച്ചോതുന്നതാണ്.
ലഹരി ഇടപാടുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നയാളാണ് പിടിയിലായ സിവില്‍ പൊലീസ് ഓഫിസര്‍ എം.ജെ. ഷാനവാസ് എന്നാണ് പുറത്തുവരുന്ന വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് പഴുതടച്ച ആസൂത്രണത്തോടെ ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ഇടുക്കിയില്‍ വിതരണം ചെയ്യുന്നതിന് പുറമെ എറണാകുളമടക്കം മറ്റ് ജില്ലകളിലേക്കും ജില്ല വഴി കഞ്ചാവും ഹഷീഷ് ഓയിലും എം.ഡി.എം.എയും കടത്തുന്നുണ്ട്. എക്സൈസ് വല വിരിക്കുന്തോറും ലഹരി കടത്തിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചാണ് മാഫിയയുടെ പ്രവര്‍ത്തനം.
കഞ്ചാവ് കടത്തും വില്‍പനയുമാണ് ജില്ല കേന്ദ്രീകരിച്ച് ഏറ്റവും കൂടുതല്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തൊടുപുഴയില്‍ നിര്‍ത്തിയിട്ട കാറില്‍നിന്ന് 43 കിലോയോളം കഞ്ചാവ് പിടിയിലായിരുന്നു. ജൂലൈയില്‍ തൊടുപുഴയില്‍തന്നെ 35 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.
തുടര്‍ന്ന്, കഞ്ചാവ് കടത്തുന്ന വന്‍ സംഘം തൊടുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. എക്സൈസ് വകുപ്പിന്‍റെ കണക്കനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെ ജില്ലയില്‍ 58.02 കിലോ കഞ്ചാവ് പിടികൂടി.
ഇതിന് പുറമെ ഇതേ കാലയളവില്‍ 4.804 ഗ്രാം എം.ഡി.എം.എയും 17.592 ഗ്രാം ഹഷീഷും 23.86 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി കടത്തുമായി ബന്ധപ്പെട്ട 235 കേസുകളാണ് ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍നിന്ന് 26,930 രൂപയും പിടികൂടിയിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് തമിഴ്നാട് വഴി ഇടുക്കിയിലെത്തിച്ച ശേഷം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന ശക്തമാക്കിയതോടെ പലയിടത്തുനിന്നും കഞ്ചാവുമായി യുവാക്കളടക്കം പിടിയിലായി.
തൊടുപുഴയിലെത്തിച്ച ശേഷം വിവിധ ജില്ലകളിലേക്ക് കൊണ്ടുപോകുന്ന രീതിയാണ് ലഹരി കടത്തുസംഘങ്ങള്‍ സ്വീകരിക്കുന്നതെന്ന് 35 കിലോ കഞ്ചാവുമായി പിടിയിലായ പ്രതി വെളിപ്പെടുത്തിയിരുന്നു. ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലേറെയും വര്‍ഷങ്ങളായി ഈ രംഗത്ത് തുടരുന്നവരും ഒന്നിലധികം തവണ കേസില്‍ പ്രതികളായവരുമാണ്. ഇവര്‍ക്ക് സഹായം നല്‍കാന്‍ അതത് സ്ഥലങ്ങളില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്.
തോക്കും കഞ്ചാവുമായി യുവാവ് പിടിയില്‍
മുട്ടം: തോക്കും കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍. വെങ്ങല്ലൂര്‍ ഇടത്തിപ്പറമ്ബില്‍ അജ്മലില്‍നിന്നാണ് (25) 1.100 കിലോ കഞ്ചാവും എയര്‍ പിസ്റ്റളും പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ബൈക്കും ചെറിയ ഡിജിറ്റല്‍ ത്രാസും കഞ്ചാവ് ചൂടാക്കി വലിക്കാനുപയോഗിക്കുന്ന കുഴലും കണ്ടെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുട്ടം അരുവിക്കുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വാഹനത്തിലെത്തിച്ച് പൊതികളാക്കി വില്‍പന നടത്തിവരുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അജ്മലിനെതിരെ വിവിധ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ മാസം മ്രാല ഭാഗത്തെ വീട്ടില്‍ അതിക്രമിച്ചുകയറി പേര്‍ഷ്യന്‍ പൂച്ചയെ കവര്‍ന്ന കേസിലെ ഒന്നാം പ്രതിയുമാണ് അജ്മല്‍. ഈ കേസില്‍ ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.
ഓണത്തോടനുബന്ധിച്ച് ഡി.ഐ.ജിയുടെ നിര്‍ദേശപ്രകാരമുള്ള സ്പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. അരുവിക്കുത്ത് വെള്ളച്ചാട്ടം പരിസരത്ത് സ്ഥിരം കഞ്ചാവ് മാഫിയ തമ്ബടിക്കാറുണ്ടെന്ന് നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശം ഏതാനും നാളുകളായി പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. മുട്ടം എസ്.ഐ വി.എ. അസീസ്, എ.എസ്.ഐമാരായ ടി.എം. ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒ സിനാജ്, മാഹിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.