വെള്ളത്തൂവല്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന മുതുവാന്‍കുടി-ശല്യാംപാറ റോഡ് സഞ്ചാരയോഗ്യമല്ലാത്തവിധം തകര്‍ന്നു


അടിമാലി: വെള്ളത്തൂവല്‍ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന മുതുവാന്‍കുടി-ശല്യാംപാറ റോഡ് സഞ്ചാരയോഗ്യമല്ലാത്തവിധം തകര്‍ന്നു.
വന്‍കുഴികള്‍ നിറഞ്ഞ ഈ പാതയിലൂടെ സഞ്ചരിച്ചാല്‍ നടുവൊടിയുമെന്നതില് സംശയം വേണ്ട.
ശല്യാംപാറ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍നിന്ന് കുത്തനയുള്ള കയറ്റം കയറിവേണം ചെങ്കുളത്തേക്കുള്ള റോഡിലൂടെ സഞ്ചരിക്കാന്‍. കയറ്റത്തിലും കൊടുംവളവുകളിലും റോഡിലാകമാനം വാരിക്കുഴികളാണ്. ഇതോടെ ഈ പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാത്ത ദിവസങ്ങളില്ല.
ഒരു കല്ലില്‍നിന്ന് മറ്റൊരു കല്ലിലേക്ക് ചാടിയാണ് വാഹങ്ങള്‍ പോകുന്നത്. ചെറിയൊരു അശ്രദ്ധ ഉണ്ടായാല്‍ അപകടം ഉറപ്പ്. ബൈക്ക് യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം ഒരുമണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ട് ബൈക്കുകള്‍ അപകടത്തില്‍പെട്ടത്.
ടാക്സി ഓട്ടോകള്‍ ഈ പാതയിലൂടെ ഓടുന്നില്ല. ഇതോടെ രോഗികളടക്കമുള്ളവര്‍ വലിയ ദുരിതമാണ് നേരിടുന്നത്. കാര്‍ഷിക വിളകള്‍ ചന്തയിലേക്ക് കൊണ്ടുപോകണമെങ്കില്‍ തലച്ചുമട് തന്നെ വേണം. മൂന്നാര്‍, കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, പള്ളിവാസല്‍ മേഖലകളിലുള്ളവര്‍ ജില്ല ആസ്ഥാനമായ ഇടുക്കിയിലേക്ക് എത്തുന്നതിന് എളുപ്പമാര്‍ഗമായി ഉപയോഗിക്കുന്ന പാതകളിലൊന്നാണ് ഈ റോഡ്.
ഇതോടെ യാത്രക്കാര്‍ കൂടുതലുള്ള റോഡായി ഇത് മാറിയിരുന്നു. നാലര കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്ന് കിടക്കുന്നത്. 2015ലാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിനുശേഷം അറ്റകുറ്റപ്പണിക്കായി ഒരു പ്രവര്‍ത്തനവും നടത്താത്തതാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.