ഓണക്കാലത്ത് പരമാവധി ‘മുന്തിയ മദ്യം’ ലഭ്യമാക്കും


പാലക്കാട്: ആറ് മാസത്തിലേറെയായി വിലകുറഞ്ഞ വിദേശമദ്യത്തിന് ബവ്കോ, കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലകളിൽ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ബിയർ കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള മദ്യം പരമാവധി എത്തിക്കാനും നിർദേശം. സീസണിൽ പരമാവധി വരുമാനം ഉണ്ടാക്കാനും മദ്യ ദൗർലഭ്യം എന്ന പ്രചാരണം ഇല്ലാതാക്കാനുമാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാലുള്ള നിർദ്ദേശം ലക്ഷ്യമിടുന്നതെങ്കിലും, ബ്രാണ്ടി ഉൾപ്പെടെ ഉപയോഗിക്കുന്ന 63% ഉപഭോക്താക്കളിലും മദ്യത്തിന്‍റെ ക്ഷാമം കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.
സമാന്തര വിപണിയിൽ വളരുന്ന വ്യാജ വിദേശമദ്യ ലോബികൾക്ക് ഈ നീക്കം കൂടുതൽ അവസരം നൽകുമെന്ന ആശങ്കയിലാണ് എക്സൈസും ഇന്‍റലിജൻസും. പല സ്ഥലങ്ങളിലും വ്യാജ വിദേശമദ്യം പിടിച്ചെടുത്തത് ഇതിന്‍റെ വ്യക്തമായ സൂചനയായി അവർ കാണുന്നു.
കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ സാധാരണ മദ്യം പോലും വാങ്ങാൻ ഉപഭോക്താക്കളിൽ വലിയൊരു വിഭാഗം വിഷമിക്കുന്ന സാഹചര്യത്തിൽ ‘ചീപ്പ് ഐറ്റം’ ലഭിക്കാതെ വരുന്നത് വലിയൊരു വിഭാഗത്തെ വ്യാജനിലേയ്ക്ക് തള്ളിവിട്ടേക്കും. ഡൽഹി, മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്ന് വ്യാജ വിദേശികൾ വലിയതോതിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. സ്പിരിറ്റ് ഉപയോഗിച്ചാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിദേശമദ്യം ഉത്പാദിപ്പിക്കുന്നത്.