ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി
തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായി. ഇതില്‍ ഏറെ വിവാദമായ ലോകായുക്ത നിയമഭേദഗതി അടക്കമുള്ള ഓര്‍ഡിനന്‍സുകള്‍ ഉള്‍പ്പെട്ടിരുന്നു.
ഗവര്‍ണര്‍ ഒപ്പിടാതെ റദ്ദായതോടെ ലോകായുക്തയ്ക്ക് പഴയ അധികാരങ്ങള്‍ തിരിച്ച് കിട്ടി. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് എടുത്ത് കളഞ്ഞ് കൊണ്ടുള്ള ഓര്‍ഡിനന്‍സും റദ്ദാക്കപ്പെട്ടതോടെയാണിത്. ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പ് ഉപയോഗിച്ച് ജനപ്രതിനിധിയെ അയോഗ്യരാക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിയും. അതേസമയം ഓര്‍ഡിനന്‍സില്‍ ഒപ്പിടാത്തതില്‍ ഗവര്‍ണറെ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം.
നിയമസഭ ചേര്‍ന്നിട്ടും ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാത്തതിലുള്ള അതൃപ്തിയാണ് ഒപ്പിടുന്നതില്‍നിന്ന് ഗവര്‍ണര്‍ വിട്ടുനിന്നത്. വിസി നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ തയ്യാറാക്കുന്നതിലുള്ള അതൃപ്തിയും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. ഗവര്‍ണറുടെ അസാധാരണ നടപടിയോടെ മന്ത്രിസഭ പാസാക്കിയ 11 ഓര്‍ഡിനന്‍സുകളും റദ്ദാകുകയായിരുന്നു.
അതേസമയം സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ സുപ്രധാനമായ ഓര്‍ഡിനന്‍സുകള്‍ റദ്ദായ പ്രത്യേക സാഹചര്യം അതീവ ഗൗരവമേറിയ വിഷയമാണ്. മന്ത്രിസഭായോഗം ചേര്‍ന്ന് ഓര്‍ഡിനന്‍സ് പരിഗണിച്ച് ഗവര്‍ണര്‍ക്ക് വീണ്ടും അയയ്ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതുമല്ലെങ്കില്‍ നിയമസഭസമ്മേളനം ചേര്‍ന്ന് നിയമമാക്കി മാറ്റണം. ഇതില്‍ ഏത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ ഗവര്‍ണര്‍ തയ്യാറാകാതിരുന്നതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
അതേസമയം ഓര്‍ഡിന്‍സുകള്‍ ഒപ്പിടാത്തതില്‍ അതൃപ്തിയുണ്ടെങ്കിലും ഇപ്പോള്‍ അത് പ്രകടമാക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണറുമായി വീണ്ടുമൊരു ഏറ്റുമുട്ടലിന്‍റെ ആവശ്യമില്ലെന്ന് സിപിഎം നേതൃത്വം ധാരണയിലെത്തി. പ്രശ്‌ന പരിഹാരത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. നിയമ നിര്‍മാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും എന്നതടക്കമുള്ള കാര്യങ്ങള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താനാണ് തീരുമാനം.