ഡോ. കെ. ലളിത: ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് അന്തരിച്ചു
തിരുവനന്തപുരം: ഇന്ന് പുലർച്ചെ അന്തരിച്ച ഡോ. കെ ലളിത മൂന്നു തലമുറകളിലെ ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന തലസ്ഥാനത്തെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ്. 85ാം വയസിലും കർമനിരതയായിരുന്ന ലളിതയെ ജൂലൈ 12നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. കരളിലെ അർബുദബാധയെ തുടർന്ന് ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം.മഹാകവി കുമരാനാശാന്റെ ഭാര്യ ഭാനുമതിഅമ്മയുടെ പുനർവിഭാഗത്തിൽ പിറന്ന മകളാണ് ലളിത. ആശാന്റെ മരണശേഷം പതിമ്മൂന്ന് വർഷം കഴിഞ്ഞ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥനായ കാർത്തികപ്പള്ളി സ്വദേശി സി ഒ കേശവനുമായുള്ള ആ വിവാഹത്തിലൂടെ പിറന്ന നാലുമക്കളിൽ മൂത്തമകളാണ്. പ്രമുഖ സാംസ്ക്കാരിക പ്രവർത്തകനും ഖാദി ബോർഡ് സെക്രട്ടറിയും വയലാർ രാമവർമ്മ സാഹിത്യ ട്രസ്റ്റിന്റെ ജീവാത്മാവുമായിരുന്ന പരേതനായ സി വി ത്രിവിക്രമനാണ് ഭർത്താവ്. മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ് കുമാരൻ, പ്രമുഖ നടി മാലാ പാർവതി എന്നിവരാണ് മക്കൾ.