ഇടുക്കി അണക്കെട്ട് ബ്ലൂ അലര്‍ട്ടിനരികില്‍
ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് 2373.96 അടിയായതോടെ ഇടുക്കി അണക്കെട്ട് ബ്ലൂ അലര്‍ട്ടിനരികില്‍. ഒന്നരടയി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് ലെവലായ 2375.53 ആകും.
2381.53ല്‍ ഓറഞ്ചും, 2382.53 ല്‍ റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് അണക്കെട്ട് തുറക്കാന്‍ നടപടിയെടുക്കും.
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടുതലാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 74.6 മില്ലി മീറ്റര്‍ മഴ പെയ്തപ്പോള്‍ 33.117 ദശലക്ഷം ഘനമീറ്റര്‍ വെള്ളം അണക്കെട്ടിലെത്തി. ഇതിലൂടെ 48.55 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. മൂലമറ്റം പവര്‍ഹൗസില്‍ 14.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 134.75 അടിയാണ് ജലനിരപ്പ്. 137.75 അടിയാണ് നിലവിലെ റൂള്‍ലെവല്‍. സെക്കന്‍ഡില്‍ 2514 ഘനയടി വെള്ളം ഡാമിലെത്തുന്നുണ്ട്. 1867 ഘനയടി വെള്ളം വൈഗ ഡാമിലേക്ക് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 71 അടി പരമാവധി സംഭരണശേഷിയുള്ള വൈഗയിലെ ജലനിരപ്പ് ഇപ്പോള്‍ 69 അടിയാണ്.
കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതില്‍ ഇരട്ടയാറൊഴിച്ചുള്ള അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. ആനയിറങ്കല്‍, മാട്ടുപ്പെട്ടി, ചെങ്കുളം ഡാമുകള്‍ ബ്ലൂ അലര്‍ട്ടിനടുത്താണ്. ജലസേചന വകുപ്പിന്റെ 15 അണക്കെട്ടുകളും തുറന്നിരിക്കുകയാണ്.