കനത്ത മഴയുണ്ടെങ്കിലും സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍
കനത്ത മഴയുണ്ടെങ്കിലും സംസ്ഥാനത്തെ ഡാമുകള്‍ സുരക്ഷിതമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റൂള്‍ കര്‍വ് അനുസരിച്ച് മാത്രമാണ് ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്നതെന്ന് പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ സന്ദര്‍ശിച്ച് കെ.രാജന്‍ വ്യക്തമാക്കി.
കുട്ടനാട്ടില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അഞ്ചാം തീയതിയോടെ മഴ കര്‍ണാടകത്തിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, മഴക്കെടുതികളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മന്ത്രിമാര്‍ വിവിധ ജില്ലകളിലായതിനാലാണ് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഴ കനത്തതോടെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.