പരുന്തുംപാറയില്‍ റവന്യൂ ഭൂമി അനധികൃതമായി കൈയേറുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പീരുമേട് പഞ്ചായത്ത് മെമ്ബര്‍മാരും കല്ലാര്‍പ്രദേശത്തെ നാട്ടുകാരും ചേര്‍ന്ന് വേലി പൊളിച്ചുനീക്കി
പീരുമേട്: പരുന്തുംപാറയില്‍ റവന്യൂ ഭൂമി അനധികൃതമായി കൈയേറുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പീരുമേട് പഞ്ചായത്ത് മെമ്ബര്‍മാരും കല്ലാര്‍പ്രദേശത്തെ നാട്ടുകാരും ചേര്‍ന്ന് വേലി പൊളിച്ചുനീക്കി.
സ്‌ഥല കച്ചവടം നടത്തുന്നതിന്റെ മറവില്‍ റവന്യുഭൂമി ചിലര്‍ കൈവശപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. റവന്യൂ സ്‌ഥലം സ്വകാര്യ വ്യക്‌തികള്‍ അനധികൃതമായി കൈവശപ്പെടുത്തുകയാണ് സര്‍വേ നമ്ബര്‍ 534 ല്‍പ്പെട്ട റവന്യൂഭൂമി സ്വകാര്യ വ്യക്‌തികള്‍ തങ്ങളുടെ സ്‌ഥലത്തിനൊപ്പം ചേര്‍ക്കുകയാണ്. ഈ പ്രദേശത്തുള്ള റവന്യൂ ഭൂമി 2008ല്‍ ചില വ്യക്‌തികള്‍ കൈവശപ്പെടുത്തിയപ്പോള്‍ റവന്യൂ ഉദ്യേഗസ്‌ഥര്‍ സ്‌ഥലം തിരിച്ചു പിടിച്ചിരുന്നു. 25 സെന്റും 35 സെന്റും സ്‌ഥലം വാങ്ങുന്നവര്‍ തൊട്ടടുത്ത റവന്യൂ സ്‌ഥലം കൂടി ഇതിനൊപ്പം വസ്‌തു ഉടമകളില്‍നിന്നും വിലയ്‌ക്ക് വാങ്ങുന്നു.
എന്നിട്ട് ഇവര്‍ വേലികെട്ടി സ്വന്തമാകുകയാണ് ചെയ്യുന്നത്. സ്വകാര്യ റിസോര്‍ട്ട് ഉടമകളാണ് ഇതിന്റെ പിന്നിലെന്ന് ആരോപണമുണ്ട്. പഞ്ചായത്ത് ടൂറിസത്തിനുവേണ്ടി മാറ്റിയിട്ടിരുന്ന റവന്യൂ ഭൂമിയാണ് ഇപ്രകാരം സ്വന്തമാകുന്നത് . റവന്യൂ ഭൂമി നഷ്‌ടപ്പെടാതെ അളന്നു തിരിച്ച് ലഭ്യമാക്കണമെന്ന് പരുന്തുംപാറ വികസനസമിതി ആവശ്യപ്പെട്ടു.
പട്ടയഭൂമിയുടെ മറവില്‍ റവന്യൂഭൂമി കൂടി വില്‌പന നടത്തുകയാണെന്ന് പറയപ്പെടുന്നു. പരുന്തുംപാറ വിനോദ സഞ്ചാരകേന്ദ്രത്തില്‍ റവന്യൂഭൂമിയുടെ ഒപ്പം സ്വകാര്യ വ്യക്‌തികള്‍ക്കും സ്‌ഥലമുണ്ട്. പരുന്തുംപാറ വിനോദ സഞ്ചാരമേഖലയായി വളര്‍ന്നതോടെ ഒരു സെന്റ് സ്‌ഥലത്തിന് ഇവിടെ രണ്ടു ലക്ഷം രൂപയായി മാറിയിട്ടുണ്ട്. ഇതോടെ ഈ പ്രദേശം ഭൂമാഫിയകളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവര്‍ തൊട്ടടുത്ത പട്ടയഭൂമിയുടെ സര്‍വേ നമ്ബറില്‍ സ്‌ഥലം കൈമാറ്റം ചെയ്യുന്നതായി പറയപ്പെടുന്നു. സ്‌ഥലത്തിന്റെ സര്‍വേ നമ്ബര്‍ തരപ്പെടുത്തി റവന്യൂ ഭൂമികൂടി ചേര്‍ത്ത് വില്‍പന നടത്തുകയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.