ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അയ്യപ്പന്‍കോവില്‍ കോണ്‍ക്രീറ്റ് പാലം വെള്ളത്തിനടയില്‍
കട്ടപ്പന : തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രതിനിധികള്‍ പറഞ്ഞു പഴകിയ ആ വാക്ക് കേള്‍ക്കുന്നത് ഇപ്പോള്‍ അയ്യപ്പന്‍കോവിലുകാര്‍ക്ക് അലര്‍ജിയാണ്.
മറ്റൊന്നുമല്ല ‘അടുത്ത മഴക്കാലത്തിന് മുന്‍പ് വെള്ളം കയറാത്ത കോണ്‍ക്രീറ്റ് പാലം’ ഇതായിരുന്നു അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ നുണ കലര്‍ത്തിയ വാഗ്ദാനം.ആദ്യമൊക്കെ രാഷ്ട്രീയ നേതാക്കന്‍മാരുടെ വാക്ക് ഇവിടെയുള്ള സാധാരണക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇതാണ് ഇവര്‍ക്ക് ഏറ്റവും വലിയ തമാശ. ബജറ്റില്‍ തുക അനുവദിക്കുക,ഫണ്ട് പ്രഖ്യാപിക്കുക,സര്‍വേ നടത്തുക,തറക്കല്ലിടുക അങ്ങനെ പലതും പല കാലങ്ങളിലായി നടന്നു.പക്ഷെ പാലം മാത്രം വന്നില്ല.ഒരു പതിറ്റാണ്ടത്തെ പഴക്കമുണ്ട് അയ്യപ്പന്‍ കോവിലിലെ ചെറുപാലത്തിന് പകരം വലിയൊരു കോണ്‍ക്രീറ്റ് പാലം വേണമെന്ന ആവശ്യത്തിന്.വാഹനം മറുകരെയെത്തുവാന്‍ ഉപയോഗിക്കുന്ന ചെറുപാലം വെള്ളത്തില്‍ മുങ്ങിയാല്‍ ഒരു കാലത്ത് നിരന്തര ജനകീയ പ്രക്ഷോഭത്തിന് ശേഷം മറുകരയെത്താന്‍ നിര്‍മിച്ച തൂക്കുപാലം മാത്രമാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ഇപ്പോഴുള്ള ഏക ആശ്രയം.എന്നാല്‍ ഈ പാലത്തിനും നാഥന്‍ ഇല്ലാത്തതിനാല്‍ തുരുമ്ബെടുത്ത് തകര്‍ച്ച നേരിടുന്നുണ്ട്.ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ വഴിയാണ് പാലം പദ്ധതിക്ക് നീക്കുപോക്ക് ഉണ്ടായതെങ്കിലും പൈലിങ്ങിനായി സര്‍വേ നടത്തി പോയതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായിട്ടില്ല.ഇടുക്കി ജില്ലാ ഡെപ്യൂട്ടി കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതും കഴിഞ്ഞ വര്‍ഷമാണ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സാമാന്തരമായി പാലം നിര്‍മ്മിക്കാനുള്ള പ്രാരംഭഘട്ട നടപടികള്‍ ആരംഭിച്ചിരുന്നു.എന്നാല്‍ പിന്നീട് എത്തിയത് എല്‍ ഡി എഫ് ഗവണ്മെന്റ് വിവിധ പദ്ധതികള്‍ ഉപേക്ഷിക്കപെട്ടഗണത്തിലേക്ക് പാലവും തള്ളി.ഇതിനെതിരെ സ്ഥലവാസികള്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയാണ് പാലം നിര്‍മ്മാണം പുനരുജ്ജീവിക്കാന്‍ ഇടയാക്കിയത്.പക്ഷെ ഒച്ച് വേഗത്തിലാണ് നടപടികള്‍.