വൈദ്യുതി ഉത്പാദന രംഗത്തെ സാധ്യതകള്‍ വ്യാപിപ്പിച്ചു ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പുരോഗതി നിരക്ക് കൈവരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍
വൈദ്യുതി ഉത്പാദന രംഗത്തെ സാധ്യതകള്‍ വ്യാപിപ്പിച്ചു ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പുരോഗതി നിരക്ക് കൈവരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണകൂടവും കെ എസ് ഇ ബിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @ 2047’ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്ത്രീഡല്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി രംഗത്ത് മികച്ച മാറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. രാജ്യത്തിന്റെ വികസന മുന്നേറ്റത്തിന് ഇത് വലിയ പങ്കാണ് വഹിക്കുന്നത്. 2047 ആകുമ്ബോഴേക്കും രാജ്യത്ത് വിപ്ലവകരമായ പുരോഗതിയുണ്ടാകും.
ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് ഇടുക്കി. ജില്ലയില്‍ എല്ലായിടത്തും വൈദ്യുതി എത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ കോളനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വീടുകള്‍ എല്ലായിടത്തും വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ചെറുകിട പദ്ധതികളും പരിഗണിക്കും. ചിന്നാറില്‍ 24 മെഗാ വാട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ ഉല്പാദനം വര്‍ധിപ്പിക്കും. മൂലമറ്റം നിലയത്തില്‍ 4 ജനറേറ്റര്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ പവര്‍ലൈനുകളുടെ ക്ഷമത വര്‍ധിപ്പിച്ചു വോള്‍ട്ടേജ് പ്രശ്നങ്ങള്‍ പരിഹരിക്കും.
ഹൈഡല്‍ ടൂറിസത്തില്‍ വ്യത്യസ്തതകള്‍ നടപ്പിലാക്കും. വൈദ്യുതി വകുപ്പിന് കീഴിലുള്ള ക്വോര്‍ട്ടേഴ്സുകള്‍ നവീകരിച്ചു ഹോംസ്റ്റേ ആക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കാറ്റിലും മഴയിലും കെഎസ്‌ഇബി ജീവനക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.
പരിപാടിയില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ & നോഡല്‍ ഓഫീസ് മാനേജര്‍ ഇലാസ് ഖൈര്‍നാര്‍ വിഷയാവതരണം നടത്തി. ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനായി ജൂലൈ 30 വരെ ജില്ലാ തലത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും കെഎസ്‌ഇബിയും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഊര്‍ജ്ജ രംഗത്ത് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ലഘു നാടകവും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടത്തി. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതി വഴി വൈദ്യുതി ലഭിച്ച പൈനാവ് കഞ്ഞിക്കുഴി സെക്ഷനുകളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങളും ചടങ്ങില്‍ പങ്കുവെച്ചു. ജൂലൈ 29-ന് രാവിലെ 11 ന് മൂലമറ്റം സെന്റ് ജോസഫ് കോളേജിലായിരിക്കും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഊര്‍ജ്ജ ഉല്‍പ്പാദന നേട്ടങ്ങളെക്കുറിച്ചുള്ള ജില്ലയിലെ അടുത്ത പരിപാടി.
ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സി തോമസ്, ഗ്രാമ പഞ്ചായത്ത് അംഗം ആലിസ് ജോസ്, എഡിഎം ഷൈജു പി. ജേക്കബ്, കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ. ആര്‍ രാജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.