അവശനിലയില്‍ ചികിത്സ തേടിയെത്തിയ വയോധികയായ വൃക്കരോഗിയോടും ഭര്‍ത്താവിനോടും നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായും ചീട്ട് വലിച്ചെറിഞ്ഞതായും പരാതി
നെടുങ്കണ്ടം: അവശനിലയില്‍ ചികിത്സ തേടിയെത്തിയ വയോധികയായ വൃക്കരോഗിയോടും ഭര്‍ത്താവിനോടും നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഡോക്ടര്‍ മോശമായി പെരുമാറിയതായും ചീട്ട് വലിച്ചെറിഞ്ഞതായും പരാതി.
താലൂക്കാശുപത്രിയിലെ ഡോക്ടറായ സജി കെ. സുബൈറിനെതിരെ രോഗിയുടെ ഭര്‍ത്താവായ ചേമ്ബളം കൗന്തി വള്ളാംകടവില്‍ വീട്ടില്‍ ജോസഫ് ചാക്കോയാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.45ഓടെയാണ് സംഭവം. ജോസഫിന്റെ ഭാര്യ ലീലാമ്മ വൃക്കരോഗം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലാണ്. ഇരു വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കട്ടപ്പന ഇരുപതേക്കറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഡയാലിസിസ് അടക്കമുള്ള ചികിത്സകള്‍ ഒരു വര്‍ഷമായി നടത്തി വന്നിരുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയിലും ചികിത്സ തേടിയിരുന്നു. ബുധനാഴ്ച രാവിലെ ലീലാമ്മയ്ക്ക് കടുത്ത പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താലൂക്കാശുപത്രിയില്‍ എത്തിയത്. ലീലാമ്മയുടെ അവസ്ഥ കണ്ട മറ്റ് രോഗികള്‍ ചീട്ടെടുത്ത ശേഷം ഇവരെ വരി നിറുത്താതെ ഡോക്ടറുടെ അടുത്തേക്ക് കടത്തിവിടുകയായിരുന്നു. ഡോക്ടറുടെ അടുത്തെത്തി ജോസഫ് വിവരങ്ങള്‍ പറഞ്ഞ് ചീട്ട് കൊടുത്തതോടെയാണ് മോശം പെരുമാറ്റം ഉണ്ടായത്. അകാരണമായി ക്ഷുഭിതനായ ഡോക്ടര്‍, ‘ഇറിങ്ങിപ്പോടാ’ എന്ന് ആക്രോശിച്ചുകൊണ്ട് ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേല്‍ക്കുകയും, ചീട്ട് ചുരുട്ടി വലിച്ചെറിയുകയും ചെയ്തു. ടോക്കണ്‍ ക്രമം പാലിക്കാതെ എത്തിയതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഭാര്യയുടെ അവസ്ഥ ഗുരുതരമാണെന്ന് പറഞ്ഞിട്ടും നോക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്നും ജോസഫ് പറഞ്ഞു.
ഡോക്ടറുടെ പെരുമാറ്റത്തില്‍ ഭയന്നുപോയ ജോസഫും ലീലാമ്മയും മരുന്ന് വാങ്ങാതെ ഉടന്‍ തിരിച്ച് പോവുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച പാമ്ബാടുംപാറയിലെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാണ് ഇവര്‍ ഡോക്ടറെ കണ്ടത്. ഡോക്ടറുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തിലും ചികിത്സാ നിഷേധത്തിലും പ്രതിഷേധിച്ചാണ് ജോസഫ് താലൂക്കാശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.
ജോസഫിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷ് പറഞ്ഞു. സംഭവത്തില്‍ ഡോക്ടറുടെ വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയര്‍ന്നിരിക്കുന്നത് സീനിയര്‍ ഡോക്ടര്‍ക്കെതിരെ ആയതിനാല്‍ വിശദീകരണം ഡി.എം.ഒയ്ക്ക് കൈമാറും. അവിടെ നിന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.