ചിന്നാര്‍ പുഴയ്‌ക്ക് കുറുകെയുള്ള പാലം: കലക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍
തൊടുപുഴ: ചിന്നാര്‍ പുഴയ്‌ക്ക് കുറുകെ കൈവരിയില്ലാത്ത വീതികുറഞ്ഞ നടപ്പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തി കൊന്നത്തടി ഗ്രാമവാസികള്‍ നടക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായെങ്കിലും പാലത്തിന്റെ കൈവരി നന്നാക്കാത്ത ജില്ലാ ഭരണകൂടം അടിയന്തരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
കലക്‌ടര്‍ക്കാണ് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവു നല്‍കിയത്. നാലാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ സ്വമേധയാ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. വാത്തിക്കുടി, കൊന്നത്തടി ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ചിന്നാര്‍ പുഴയ്‌ക്ക് കുറുകെ നിര്‍മിച്ച പാലം 2006 ലാണ് ആദ്യം തകര്‍ന്നത്.
പിന്നീട് മുളകൊണ്ട് താത്‌കാലിക പാലം നിര്‍മിച്ചു. 2015ലാണ് പുതിയ പാലം നിര്‍മിച്ചത്. 2018 ലെ പ്രളയത്തില്‍ പാലത്തിന്റെ കൈവരി തകര്‍ന്നു. നിരവധി സ്‌കൂള്‍ കുട്ടികളും വയോധികരും ഉപയോഗിക്കുന്ന പാലത്തിന്റെ കൈവരി നന്നാക്കണമെന്നാവശ്യപ്പെട്ട് കലക്‌ടര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.