തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാൻ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ഇഡിയുടെ നിർദേശം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ ഇന്ന് ഇഡി ഓഫീസിലെത്തിയത്. സോണിയ ഗാന്ധിയെ ഇന്ന് മൂന്ന് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യൽ നേരത്തെ നിർത്തിവെച്ചിരുന്നു. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്തതിൽ ഇഡിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കോവിഡ് -19 ൽ നിന്ന് മുക്തി നേടാത്തതിനാൽ തനിക്ക് അധികനേരം ഇരിക്കാൻ കഴിയില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലെ അവ്യക്തമായ വിശദാംശങ്ങളെ കുറിച്ച് സോണിയ ഗാന്ധിയോട് ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരികളെക്കുറിച്ചും നാഷണൽ ഹെറാൾഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇഡി സോണിയയോട് ചോദിച്ചു. സോണിയയുടെ പ്രസ്താവന പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്തേക്കും. വിഷയത്തിൽ പ്രതിപക്ഷം ഇന്ന് പാർലമെന്‍റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ നിർത്തിവെച്ചു. കേന്ദ്ര സർക്കാരിനെ വേട്ടയാടുന്നുവെന്ന് ആരോപിച്ച് 12 പാർട്ടികൾ സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ പ്രസ്താവിച്ചു.