ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
ദില്ലി :ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.ഇളവ് തേടി സംസ്ഥാനങ്ങള്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തേയോ സമീപിക്കണം.ഇതിന്‍റെ അടിസ്ഥാനത്തില്‍ എംപവേര്‍ഡ് സമിതിയും മന്ത്രാലയവും ശുപാര്‍ശ കോടതിയില്‍ സമര്‍പ്പിക്കും.കോടതിയുടേതാണ് അന്തിമ തീരുമാനമെന്നും മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി, സംസ്ഥാനങ്ങളുടെ ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്തേ പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ അന്തിമ വിജ്ഞാപനം ഇറക്കൂവെന്നും മന്ത്രാലയം സഭയില്‍ രേഖാമൂലം മറുപടി നല്‍കി.
ബഫര്‍ സോണ്‍ വിധിയില്‍ കേരളം ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ക്ക് ശേഷം മതി എന്ന് തീരുമാനിക്കുകയായിരുന്നു. അനൂകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കിയ ശേഷം മാത്രമാകും ഹര്‍ജി നല്‍കുക.
സംരക്ഷിത വനങ്ങളുടെ ചുറ്റളവില്‍ ഒരു കിലോ മീറ്റര്‍ പരിസ്ഥിതി മേഖല നിര്‍ബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. . ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫര്‍ സോണ്‍ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം. ഇതിനായി തുറന്ന കോടതിയില്‍ തന്നെ ഹര്‍ജി എത്തുന്ന തരത്തില്‍ നീങ്ങാനായിരുന്നു തീരുമാനം.
നിലവില്‍ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷന്‍ പെറ്റീഷനാണ് കേരളം നല്‍കാന്‍ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാല്‍ നിയമനിര്‍മ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാല്‍ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണെത്തിയത്.
കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്.