ഇന്ന് കർക്കിടകം ഒന്ന്.

രാമായണ മാസം എന്നറിയപ്പെടുന്ന പുണ്യ മാസം . നല്ലതു മാത്രം പ്രതീക്ഷിച്ചു കൊണ്ട് ശുദ്ധമായ മനസും ശരീരവും അർപ്പിച്ച് രാമായണ പാരായണം ചെയ്യുന്ന പുണ്യമാസം. മലയാള വർഷത്തിലെ അവസാന മാസം, പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനായുള്ള കാത്തിരിപ്പു കൂടിയാണ് ഈയൊരു മാസക്കാലം. അവതാര പുരുഷന് പോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിത സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതുമായ വലിയ പാഠമാണ് രാമായണം നൽകുന്നത്. ഇത് മനുഷ്യ ജീവിതവുമായി കൂടുതൽ അടുത്ത് നിൽക്കുന്നതിനാൽ പാരായണം ചെയ്യുന്നവരുടെ മനസ്സിന് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊർജ്ജം നൽകും.ശാരീരിക ആരോഗ്യത്തിനും അർഹമായ പരിഗണന നൽകുന്ന കാലഘട്ടം കൂടിയാണ് കർക്കടകം. തികഞ്ഞ അച്ചടക്കമുള്ള ഭക്ഷണ രീതികളും ആവശ്യമായ ചിട്ടകളുമെല്ലാം ശാരീരിക ഊർജ്ജം പ്രദാനം ചെയ്യും. പ്രതിസന്ധിഘട്ടങ്ങളില്‍ വഴികാട്ടിയാകുന്ന കൃതി എന്ന നിലയില്‍ രാമായണത്തെ നാട് ഒന്നാകെ ഇന്നും നെഞ്ചോട് ചേര്‍ത്തിരിക്കുന്നു. രാജാവ്, പ്രജ ആരുമാകട്ടെ ഇവര്‍ പാലിക്കേണ്ട ജീവിത മൂല്യങ്ങള്‍, പ്രകൃതിയോടുള്ള സമീപനം, ദീനാനുകമ്പ എന്നിങ്ങനെ മൂല്യാധിഷ്ഠിതജീവിതത്തിന്റെ ഉദാത്തമായ അടയാളപ്പെടുത്തലുകളുടെ കലവറയാണ് രാമായണം. താന്‍ പറയാനുറച്ച കാലഘട്ടത്തിന്റെ ചിത്രീകരണവും പുനരാവിഷ്‌കരണവും കാവ്യരൂപത്തില്‍ കുറിച്ചിട്ടതാണ് രാമായണം. സമീപനത്തിലെ സത്യസന്ധതയുടെ അടിത്തറയില്‍ രചിച്ച രാമായണമഹാകാവ്യം കാലത്തിന്റേയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് അതേരൂപത്തില്‍ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ സല്‍പേരാണ് വാല്‍മീകിയില്‍ വന്നു ചേരുന്നത്. വരും തലമുറകള്‍ക്കു വഴികാട്ടിയായി രാമായണം മാറുന്നതിന്റെ കാരണവും മൂല്യാധിഷ്ഠിതമായ സാഹിത്യകൃതി എന്നതല്ലാതെ മറ്റൊന്നല്ല. ഈ പുണ്യ മാസത്തിൽ ഏവരുടെയും മനസിൽ രാമായണ ശീലുകൾ മുഴങ്ങട്ടെ !