പ്രളയം കവർന്ന പന്നിയാർകുട്ടി പാലത്തിന്‍റെ പുനർനിർമാണം എങ്ങുമെത്തിയില്ല; മരക്കമ്പുകൾ കൂട്ടിക്കെട്ടി നടപ്പാലം നിർമിച്ച് പന്നിയാർകുട്ടി – പോത്തുപാറ നിവാസികൾ

വെള്ളത്തൂവൽ: ആർത്തലച്ച് ഒഴുകുന്ന മുതിരപ്പുഴയാറിന് കുറുകെ ജീവൻ പണയം വെച്ചുള്ള യാത്രയാണ് ഇടുക്കി പന്നിയാർകുട്ടി – പോത്തുപാറ നിവാസികളുടേത്. 2018ലെ പ്രളയത്തിലാണ് കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുതിരപ്പുഴയാറിന് കുറുകെയുള്ള പന്നിയാര്‍കുട്ടിയിലെ പാലം തകര്‍ന്നത്. ഇതിനുശേഷം പ്രദേശവാസികൾ ചേര്‍ന്ന് നടപ്പാലം നിര്‍മിച്ചെങ്കിലും തുടർന്നുവന്ന കാലവർഷത്തില്‍ പാലം ഒലിച്ചു പോയി.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് പുതിയ പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചെങ്കിലും തൂണുകളുടെ നിർമാണത്തോടെ പാലത്തിന്‍റെ നിർമാണം നിലച്ചു. വേനൽക്കാലത്ത് പുഴയിറങ്ങി കയറിയിരുന്ന പോത്തുപാറ നിവാസികൾക്ക് മഴക്കാലമെത്തിയതോടെ മറുകര കടക്കാന്‍ മാര്‍ഗമില്ലാത്ത അവസ്ഥയായി. ഇനിയും ഭരണകർത്താക്കളിൽ പ്രതീക്ഷ അർപ്പിച്ചിട്ടു കാര്യമില്ല എന്ന് മനസിലാക്കിയ പ്രദേശവാസികൾ മരക്കമ്പുകൾ കൂട്ടിക്കെട്ടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളിലൂടെ താത്കാലിക നടപ്പാലം ഒരുക്കി.
സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാതെ ഒരുക്കിയ ഈ പാലത്തിലൂടെയാണ് സ്‌കൂൾ കുട്ടികളും വയോധികരുമടക്കം സഞ്ചരിക്കുന്നത്. പോത്തുപാറ മേഖലയിലെ ആയിരക്കണക്കിന് വരുന്ന കുടുംബങ്ങള്‍ അടിമാലി, വെള്ളത്തൂവല്‍, രാജാക്കാട് പട്ടണങ്ങളിലേക്ക് എത്തുന്നതിന് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. പൊതുഗതാഗതമില്ലാത്ത മേഖല ആയതിനാല്‍ ടാക്‌സി ആണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. ഇതിനാകട്ടെ വലിയ തുക മുടക്കേണ്ട അവസ്ഥയും.
മഴക്കാലമെത്തുന്നതിന് മുമ്പ് പാലം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യം നാട്ടുകാര്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും അധികൃതര്‍ ഇത് കേട്ടഭാവം നടിച്ചില്ല. പ്രളയ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയെന്ന് അവകാശപ്പെടുമ്പോഴും ഇടുക്കിയിലെ പ്രളയ ബാധിത മേഖലകളില്‍ ഇന്നും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.