പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാംമൈലിന് സമീപം കെ.എസ്.ആര്.ടി.സി. ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യാത്രക്കാരന് മരിച്ചു
പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാംമൈലിന് സമീപം കെ.എസ്.ആര്.ടി.സി. ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യാത്രക്കാരന് മരിച്ചു.
പൊന്‍കുന്നം മെഡാസ് ഹോട്ടലിലെ ജീവനക്കാരന് പനമറ്റം അക്കരക്കുന്ന് രാജേന്ദ്രന്‍പിള്ള(62)യാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു അപകടം. പൊന്‍കുന്നം ഡിപ്പോയുടെ പെരിക്കല്ലൂര്‍ റൂട്ടിലോടുന്ന ബസിനടിയിലേക്കാണ് സ്കൂട്ടര്‍ തെന്നിമറിഞ്ഞ് വീണത്. ബസിന്റെ മുന്‍ഭാഗത്ത് ഇടതുവശത്തെ ചക്രത്തിനിടയില്‍ കുരുങ്ങി സ്കൂട്ടര്‍ തകര്‍ന്നു. സംഭവം നടന്നയുടന്‍തന്നെ പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് രാജേന്ദ്രന് പിള്ള വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. പെരിക്കല്ലൂരില്‍ നിന്ന് പൊന്‍കുന്നത്തേക്ക് എത്തിയതാണ് ബസ്. മഴപെയ്ത് കഴിഞ്ഞ സമയത്ത് സ്കൂട്ടര്‍ റോഡില്‍ തെന്നിനീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.