കോവിഡ് പ്രതിരോധ വാക്സീന്റെ കരുതൽ ഡോസിന് ഇടുക്കിയിൽ ആവശ്യക്കാരില്ല
കോവിഡ് പ്രതിരോധ വാക്സീന്റെ കരുതൽ ഡോസിനോട് (ബൂസ്റ്റർ ഡോസ്) ജില്ലയിൽ തണുപ്പൻ പ്രതികരണം. 60 വയസ്സ് പിന്നിട്ടവർക്കു വാക്സീൻ സൗജന്യമായി ലഭിച്ചിട്ടുപോലും ജില്ലയിൽ ഈ വിഭാഗത്തിൽ 21% പേർ മാത്രമാണ് കരുതൽ ഡോസ് സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർ, കോവിഡ് മുൻനിര പോരാളികൾ എന്നിവരുടെ കരുതൽ ഡോസ് വിതരണവും മന്ദഗതിയിലാണ്. 18 വയസ്സ് പിന്നിട്ടവർ പണം നൽകി സ്വകാര്യ സെന്ററുകളിൽനിന്ന് ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന തീരുമാനത്തെ തുടർന്ന് ഈ വിഭാഗക്കാരും പിന്നോട്ടു വലിഞ്ഞു.
നിലവിൽ 60 വയസ്സ് പിന്നിട്ടവർക്കും കോവിഡ് മുൻനിര പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ് സൗജന്യ കരുതൽ ഡോസ് വാക്സീന് അർഹതയുള്ളത്. ഇവർക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽനിന്നു വാക്സീൻ ലഭിക്കും. എന്നാൽ 18-59 വിഭാഗക്കാർക്ക് ബൂസ്റ്റർ ഡോസിന് ആശ്രയം സ്വകാര്യ മേഖല മാത്രമാണ്. ജില്ലയിൽ വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമാണ് നിലവിൽ ഈ സൗകര്യമുള്ളത്. ഇതു വാക്സിനേഷനെ സാരമായി ബാധിക്കുന്നുണ്ട്.
വാക്സീനെടുക്കാൻ താൽപര്യമുള്ളവർ പോലും യാത്രാസംബന്ധമായ ബുദ്ധിമുട്ടും ചെലവും കണക്കിലെടുത്ത് വാക്സിനേഷനോടു മുഖം തിരിക്കുകയാണ്.കോവിഡ് ഭീതി ഒഴിഞ്ഞതും ബൂസ്റ്റർ ഡോസ് തൽക്കാലം വേണ്ടെന്ന നിലപാടിലേക്ക് വലിയൊരു വിഭാഗത്തെ എത്തിച്ചിട്ടുണ്ട്. എല്ലാ വിഭാഗക്കാർക്കും സൗജന്യമായി നൽകുമ്പോൾ വാക്സീൻ സ്വീകരിക്കാമെന്ന നിലപാടിലാണ് പലരും. സ്വമേധയാ വാക്സീൻ സ്വീകരിക്കാൻ തയാറായി എത്തുന്ന 18 വയസ്സ് പിന്നിട്ടവരുടെ എണ്ണം വളരെ കുറവാണെന്നു അധികൃതർ പറയുന്നു.
രണ്ടാം ഡോസ് എടുത്ത് 9 മാസം കഴിഞ്ഞു മതി ബൂസ്‌റ്റർ ഡോസ് എന്നുള്ളതുകൊണ്ട് വലിയൊരു വിഭാഗം ആളുകൾക്ക് ഇനിയും സമയപരിധി ആകാനുണ്ട്.ജില്ലയിൽ ബൂസ്റ്റർ ഡോസ് വിതരണം കൂടുതൽ കാര്യക്ഷമമാക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ബോധവൽക്കരണത്തിലൂടെയും മറ്റും പരമാവധി പേരെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാനാണ് ശ്രമമെന്ന് ആർസിഎച്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. സിബി ജോർജ് പറഞ്ഞു.
കുട്ടികൾക്കിടയിൽ വൈറൽ പനി, തക്കാളിപ്പനി ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കുള്ള കോവിഡ് വാക്സീൻ വിതരണവും ഇപ്പോൾ മന്ദഗതിയിലായി.