കിട്ടാനുമില്ല വിലയും കൂടുതൽ : പച്ചകപ്പ വിപണി
അടിമാലി: വിപണിയില്‍ സുലഭമായി കപ്പ ലഭിക്കാതായതോടെ പച്ചക്കപ്പ വില കുതിച്ചുയര്‍ന്നു.
കഴിഞ്ഞവര്‍ഷം കോവിഡ് കാലത്ത് തോട്ടത്തില്‍ നിന്നും എട്ടു രൂപയ്‌ക്കു പോലും എടുക്കാന്‍ ആളില്ലാതിരുന്ന പച്ചക്കപ്പയുടെ വിലയാണ് ഇപ്പോള്‍ കടകളില്‍ 45 രൂപയിലേക്ക് ഉയര്‍ന്നിട്ടുള്ളത്. ഇടനിലക്കാര്‍ കൊള്ളലാഭം കൊയ്യുന്ന സാഹചര്യം നിലനിന്നതാണ് ഇന്ന് ഈ സാഹചര്യമൊരുങ്ങാന്‍ കാരണമായതെന്നും ആക്ഷേപം ഉയര്‍ന്നു. ഒരു വര്‍ഷം നീണ്ട അധ്വാന ഫലമായി കര്‍ഷകന്‍ വിളയിക്കുന്ന കൃഷിയില്‍നിന്നും കിലോഗ്രാമിന് എട്ടുരൂപ കൊടുക്കാന്‍ ഇടനില കച്ചവടക്കാര്‍ തയാറാകാതിരുന്നതോടെ കപ്പകര്‍ഷകര്‍ കൂട്ടത്തോടെ പിന്‍വാങ്ങി. അന്ന് കടകളില്‍ 20 മുതല്‍ 25 വരെ വിലവാങ്ങുമ്ബോഴാണ് പകുതി വിലയില്‍ താഴെ കര്‍ഷകന് നല്‍കിയിരുന്നത്. ഇതില്‍ പ്രതിഷേധസൂചകമായി അന്ന് നിരവധി കര്‍ഷകരാണ് തോട്ടങ്ങളില്‍നിന്നും സൗജന്യമായി കപ്പ പറിച്ച് വ്യാപകമായി വിതരണം ചെയ്‌തത്. ഇപ്പോള്‍ ഉത്‌പാദനം കുറഞ്ഞതോടെ കപ്പക്ക് വിപണിയില്‍ ലഭിക്കുന്നത് മികച്ച വിലയാണ്. നാല്‍പ്പത്തഞ്ച് രൂപ വരെയാണ് നിലവില്‍ കപ്പക്ക് ലഭിക്കുന്ന വിപണി വില. വിപണിയിലെത്തിക്കാന്‍ കപ്പയുള്ള കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില ആശ്വാസമാകുമ്ബോള്‍ കപ്പവിപണിയില്‍ നിന്നും വാങ്ങുന്ന സാധാരണക്കാര്‍ക്ക് ഉയര്‍ന്ന വില കൈ പൊള്ളിക്കുന്നുണ്ട്.
കാട്ടുപന്നിയുള്‍പ്പെടെയുള്ള വന്യ ജീവികളുടെ ശല്യം വര്‍ധിച്ചതും വിപുലമായ രീതിയില്‍ കപ്പ കൃഷി നടത്താന്‍ സ്‌ഥല ലഭ്യത കുറഞ്ഞതും ഹൈറേഞ്ചില്‍ കപ്പയുടെ ഉത്‌പാദനം കുറയാന്‍ മറ്റൊരു കാരണമായിട്ടുണ്ട്. മുമ്ബ് ഹൈറേഞ്ചില്‍ കപ്പയുടെ ലഭ്യത കുറയുമ്ബോള്‍ അയല്‍ ജില്ലകളില്‍നിന്നും കപ്പ ഇടുക്കിയിലേക്കെത്തുന്ന സാഹചര്യമുണ്ടായി രുന്നു. എന്നാല്‍, ഇപ്പോള്‍ ആ സാഹചര്യവും നിലനില്‍ക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വിപണിയില്‍ കപ്പയുടെ ലഭ്യത സുലഭമാകും വരെ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വില നിലനില്‍ക്കാനാണ് സാധ്യത. ഉണക്ക കപ്പയ്‌ക്കും ഹൈറേഞ്ചില്‍ നിലവില്‍ ലഭ്യത കുറവ് നേരിടുന്നുണ്ട്. ആഡംബര ഹോട്ടലുകളില്‍ മുതല്‍ വി.ഐ.പി. തീന്‍മേശകളില്‍ വരെ കപ്പ പ്രധാന വിഭവമായി മാറിയതോടെയാണ് മികച്ചതരം അരിയേക്കാള്‍ വിലയുള്ള ഭക്ഷണഇനമായി കപ്പയും മാറിയത്. എന്നാല്‍ വലിയ തോതില്‍ വില ഉയര്‍ന്നതോടെ കപ്പയ്‌ക്ക് ആവശ്യക്കാരും കുറഞ്ഞു. കൊള്ളവിലയ്‌ക്ക് വാങ്ങുന്ന കപ്പയില്‍നിന്നും മുട്ടിയും തൊലിയും വേരുമടക്കം പകുതിയിലേറെ ഉപയോഗശൂന്യമായി പോകുമെന്നതും ആവശ്യക്കാരെ പിന്നോട്ടുവലിക്കുന്നുണ്ട്. വിലകൂടിയതിനാല്‍ മുന്‍പതിവ് വിട്ട് മുന്‍തൂക്കം പാടെ ഒഴിവാക്കി തൂക്കത്തില്‍ കൃത്യത വരുത്തി മാത്രമേ നല്‍കാന്‍ കഴിയുന്നുള്ളൂവെന്നും ഒരുവിഭാഗം വ്യാപാരികള്‍ പറയുന്നു.
ജാതികര്‍ഷകര്‍ക്ക് തിരിച്ചടിയായി വിലത്തകര്‍ച്ച,
കട്ടപ്പന: കാലാവസ്‌ഥാ വ്യതിയാനവും രോഗങ്ങളും ഭീഷണിയാകുന്ന ജാതി കര്‍ഷകര്‍ക്ക് ഇരുട്ടടിയായി വിലത്തകര്‍ച്ചയും. ജാതിപത്രിക്ക് 1400 മുതല്‍ 1800 രൂപവരെയും ജാതിക്കായ്‌ക്ക് 300 മുതല്‍ 325 രൂപവരെയുമാണ് ഇപ്പോള്‍ വില ലഭിക്കുന്നത്. കാലാവസ്‌ഥയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് കൃഷിക്ക് കനത്ത തിരിച്ചടി നേരിട്ടതായും കര്‍ഷകര്‍ പറയുന്നു. കായ് പൊഴിച്ചിലും വ്യാപകമായിട്ടുണ്ട്. ഉത്‌പാദനവും ഗണ്യമായി കുറഞ്ഞു. ഇതിനിടെ രോഗം ബാധിച്ച് ജാതി മരത്തിന്റെ കായും ഇളംതണ്ടും നശിക്കുന്നതായും കണ്ടുവരുന്നുണ്ട്. 2018ലെ പ്രളയത്തിനുപിന്നാലെ കാലാവസ്‌ഥയിലുണ്ടായ മാറ്റമാണ് ജാതിക്കൃഷിക്ക് തിരിച്ചടിയായതെന്ന് കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ജാതി കര്‍ഷകര്‍ക്കുവേണ്ട സഹായം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വര്‍ഷത്തില്‍ ഭൂരിഭാഗം സമയത്തും വിളവ് ലഭിക്കുമെങ്കിലും വിലക്കുറവില്‍നിന്നും കരകയറാന്‍ കഴിയാത്തതാണ് ജാതി കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.