ഡോക്ടർ എന്ന് ഉണ്ടാകുമെന്ന് ഫോണിലൂടെ ചോദിച്ച വനിത രോഗിയോട് അപമര്യാദയായി സംസാരിച്ച ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടു
കോഴിക്കോട്: ഡോക്ടർ എന്ന് ഉണ്ടാകുമെന്ന് ഫോണിലൂടെ ചോദിച്ച വനിത രോഗിയോട് അപമര്യാദയായി സംസാരിച്ച ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെയാണ് രോഗിയോട് അപമര്യാദയായി പെരുമാറിയതിന് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ‘ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും’ എന്ന മറുപടി സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം.എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാവുമെന്നന്വേഷിച്ച രോഗിയോടാണ് ‘ ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും’ എന്ന് ജീവനക്കാരി മറുപടി നൽകിയത്. എല്ലാ ദിവസവും ഉണ്ടാകുമോ എന്ന ചോദിച്ചപ്പോൾ ‘ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും’ എന്നായിരുന്നു വീണ്ടും മറുപടി. ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോൾ 2630142 എന്ന ആശുപത്രിയുടെ നമ്പറിലേക്ക് വിളിച്ചുനോക്കൂ എന്ന് പറഞ്ഞ് ജീവനക്കാരി ഫോൺ കട്ട് ചെയ്യുകയായിരുന്നു.ഈ സംഭാഷണത്തിന്‍റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് വിഷയം നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അധികൃതർ അടിയന്തര യോഗം വിളിച്ച് ചേർത്ത് ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു. ജീവനക്കാരിയുടെ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു.