മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിക്ഷേധം; പരിശോധന നടത്തി പൊലീസ്


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി ചേർന്ന് പൊലീസ് മഹസര്‍ ഒരുക്കുകയാണ്. അനിലിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇൻഡിഗോ വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു.
കേസിലെ ഗൂഡാലോചന വെളിച്ചത്തു കൊണ്ടുവരുന്ന തരത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എ.എസ്.പി പ്രജീഷ് തോട്ടത്തിലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതിക്കായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഫർസീൻ മജീദിനെയും നവീൻ കുമാറിനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
നേരത്തെ വിമാനക്കമ്പനി സമർപ്പിച്ച റിപ്പോർട്ടിൻറെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പരാതിക്കാരുടെ മൊഴി സാധൂകരിക്കുന്ന റിപ്പോർട്ടാണ് ഇൻഡിഗോ സമർപ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ മൂന്ന് പേർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഓടിയെത്തിയെന്ന് ഇൻഡിഗോ പൊലീസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.