ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം : പ്രഭാത ഭക്ഷണത്തിലെ മലയാളിയുടെ ശീലം ക്യാൻസറിനു കാരണമാകുന്നു


ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ടതാണ് പ്രഭാത ഭക്ഷണം. എന്നാൽ പ്രഭാത ഭക്ഷണത്തിലെ മലയാളിയുടെ ശീലം ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷൻ ജേണലിന്‍റെ മെയ് പതിപ്പിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ സുചന നൽകുന്നത്.
പ്രഭാത ഭക്ഷണത്തിൽ പതിവായി മുട്ട ഉപയോഗിക്കുന്നതിനെയാണ് പഠന റിപ്പോർട്ട് ദോഷമായി ചൂണ്ടിക്കാണിക്കുന്നത്. സ്ഥിരമായി മുട്ട കഴിക്കുന്നത് കാലക്രമേണ ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തൽ. മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവരിൽ കൊളസ്ട്രോൾ, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. മുൻകാല പഠനങ്ങൾ അടക്കം വിശകലനം ചെയ്‌തുകൊണ്ടാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്.
55 ഓളം പഠനങ്ങൾ അവലോകനം ചെയ്‌തതിൽ നിന്നും നിത്യേന അമിതമായി മുട്ട കഴിക്കുന്നത് വിവിധ രോഗങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ദിവസം ഒരു മുട്ടയുടെ പകുതിയോ, ആഴ്ച്ചയിൽ രണ്ട് മുട്ട വീതമോ കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്നും വ്യക്തമാക്കുന്നുണ്ട്.