മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ മാർച്ച് 27 വരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷയിൽ കോടതി ബുധനാഴ്ച വിധി പറയും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിനുള്ളിൽ വച്ച് മർദിച്ച എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ പൊലീസ് കേസെടുത്തില്ലയെന്നും നാട്ടിൽ രണ്ടു നീതിയാണോ ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകൻ മൃദുൾ ജോൺ മാത്യു ചോദിച്ചു. വധശ്രമം നടന്നുവെന്ന പ്രോസിക്യൂഷൻറെ വാദം നിലനിൽക്കില്ല. പ്രതികൾക്ക് മാരകായുധങ്ങളുമായി വിമാനത്തിൽ കയറാൻ കഴിയില്ല.
‘നിന്നെ ഞങ്ങൾ വച്ചേക്കില്ല’ എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതിനാലാണ് വധശ്രമത്തിന് കേസെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെ പറഞ്ഞാൽ മാത്രം കൊലപാതക ശ്രമത്തിന് കേസെടുക്കാൻ കഴിയില്ല. സുരക്ഷാവീഴ്ചയുണ്ടായാൽ വിമാനത്താവള അധികൃതരോ വിമാനക്കമ്പനിയോ പരാതി നൽകിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.