തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഗുരുതര പരിക്ക്
തൊടുപുഴ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദിന് ഗുരുതര പരിക്ക്. ബിലാലിനെ വിദഗ്ധ ചികിത്സക്കായി അങ്കാമാലിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് ആക്രമിച്ചതിലും ഡിസിസി പ്രസിഡന്റിന്റെ കാർ തടഞ്ഞ് ആക്രമിച്ചതിലും പ്രതിഷേധിച്ചായിരുന്നു തൊടുപുഴയിൽ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ചിൽ സംഘർഷം ഉണ്ടായിരുന്നു. ബിലാൽ സമദിന് ഗുരുതരമായ പരിക്കും മറ്റ് മൂന്ന് പേർക്ക് നിസാര പരിക്കുകളും ഉണ്ടായി. പ്രതിഷേധക്കാർ സിപിഎമ്മിന്റെ കൊടിമരം തകർത്തു. പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
സമദിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇതോടെയാണ് തൊടുപുഴയിൽ നിന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നാല് പൊലീസുകാർക്ക് സാരമല്ലാത്ത പരിക്കേറ്റു. ഇന്ന് രാവിലെ മിനി സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ച് പൊലീസ് തടയാൽ ശ്രമിച്ചെങ്കിലും പ്രവർത്തകർ മുന്നോട്ട് പോയി. പിന്നീട് പ്രസ് ക്ലബിന് മുന്നിലെത്തിയ പ്രതിഷേധക്കാരോട് മാർച്ച് അവസാനിപ്പിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. പ്രവർത്തകർ തയ്യാറാകാതെ വന്നതോടെ പൊലീസ് ലാത്തിവീശി. ഇതോടെയാണ് പ്രവർത്തകർക്ക് പരിക്കേറ്റത്.