സില്‍വര്‍ലൈന്‍ കേന്ദ്ര അംഗീകാരത്തോടെ മാത്രമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ആര് എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്നായിരുന്നു സർക്കാരിന്റെ മുൻ നിലപാട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം, സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിന്റെ കടുത്ത നിലപാട് മയപ്പെടുകയാണെന്ന് വെളിപ്പെടുത്തുന്നതാണ് വിളപ്പിൽശാലയിലെ ഇഎംഎസ് അക്കാദമിയിൽ മുഖ്യമന്ത്രി ഇന്ന് നടത്തിയ പ്രസംഗം. വികസനം അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധമെന്നും അതിനെ രാഷ്ട്രീയമായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നവർ സി.പി.എമ്മിലുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. മറ്റൊരു ആവശ്യത്തിനായി ഒരു വലിയ പദ്ധതിക്കായുള്ള ഭൂമിയിൽ നിന്ന് മൂന്ന് സെന്റ് സ്ഥലം ആവശ്യപ്പെട്ട ഒരു കൗൺസിലറുടെ ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി.