ചെറുതോണി – മെഡിക്കല്‍ കോളേജ് റോഡ് നവീകരണം; ഉദ്ഘാടനം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: ജില്ലാ ആസ്ഥാന നവീകരണത്തിന്റെ ഭാഗമായി ഇടുക്കിയെ ടൗണ്‍ഷിപ്പായി ഒരുക്കുന്ന ഒരു മെഗാ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്ന ഏറ്റവും അഭിമാനകരമായ നിമിഷമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
ചെറുതോണി ടൗണ്‍ ഭംഗിയാക്കുന്നതിന്റെ ഭാഗമായി അഞ്ചു കോടി ചിലവഴിച്ചു നടപ്പിലാക്കുന്ന ചെറുതോണി മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
കൂട്ടായ പരിശ്രമത്തോടെ മാത്രമേ ഇടുക്കിക്കു നേട്ടങ്ങള്‍ കൈവരിക്കാനാകൂ. നാടിന്റെ അഭിവൃദ്ധിക്കായി എല്ലാവരുടെയും സഹായ സഹകരണം ആവശ്യമാണ്.സംസ്ഥാനത്ത് തന്നെ ആദ്യത്തെ ഇറിഗേഷന്‍ മ്യൂസിയം ഇടുക്കിയില്‍ ആരംഭിക്കുകയാണ്. പഠന ഗവേഷണത്തിനും സെമിനാറുകള്‍ നടത്തുന്നതിനും ഫുഡ് പാര്‍ക്കുകള്‍ക്കായുമുള്ള സൗകര്യവും ഇതിലുണ്ടാകും. അതുപോലെ തന്നെ തീയേറ്റര്‍ കോംപ്ലക്സും സാംസ്‌കാരിക മ്യൂസിയവും ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
പൊതുമരാമത്ത് വിഭാഗമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ടൗണ്‍ മുതല്‍ ഐഒസി ബങ്ക് വരെയുള്ള ഭാഗത്തെ നവീകരണത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റി, കെഎസ്‌ഇബി, വനം വകുപ്പ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഒന്നര ലക്ഷം രൂപയും കെഎസ്‌ഇബി വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് 4 ലക്ഷം രൂപയും ചിലവ് വരും. ഇവ പൊതുമരാമത്തുമായി ചേര്‍ന്ന് സംയുക്തമായാണ് നടപ്പിലാക്കുന്നത്. ചെറുതോണി ഐഒസി ബങ്ക് മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിന് 3 മീറ്റര്‍ വീതി കൂട്ടി സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കും. ടൗണ്‍ നവീകരണത്തിനായി നീക്കം ചെയ്യുന്ന പാറകള്‍ റോഡിന്റെ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഉപയോഗിക്കും. ജലസേചന വകുപ്പും പൊതുമരാമത്ത് നിരത്ത് വിഭാഗവും സംയുക്തമായാണ് പണി പൂര്‍ത്തീകരിക്കുന്നത്.
ചെറുതോണി ടൗണില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എം.എം മണി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തൊപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. ജി സത്യന്‍, രാരിച്ചന്‍ നീര്‍ണാംകുന്നേല്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.