യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികൾക്ക് തുടർപഠനം വാഗ്ദാനം ചെയ്ത് റഷ്യ
തിരുവനന്തപുരം: യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇവർക്ക് റഷ്യയിൽ പഠിക്കാൻ അവസരം നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡർ പറഞ്ഞു. വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വർഷങ്ങൾ നഷ്ടപ്പെടാതെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരം നൽകുമെന്ന് റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിൻ പറഞ്ഞു. റഷ്യൻ സർവകലാശാലകളിൽ പ്രവേശനം നൽകുമെന്നാണ് പ്രഖ്യാപനം.
പണം നഷ്ടപ്പെടാതെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ റഷ്യ അവസരം നൽകുമെന്നും, ഇതുമായി ബന്ധപ്പെട്ട് നോർക്ക സിഇഒയുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി റഷ്യൻ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാർത്ഥികൾ റഷ്യൻ ഹൗസുമായി ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സും റഷ്യൻ എംബസിയും അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി അംബാസഡറാണ് റോമൻ ബാബുഷ്കിൻ.